Advertisement

ഓമനച്ചേട്ടൻ യാത്രയായി; പ്രിയപാപ്പാനെ യാത്രയാക്കാൻ ബ്രഹ്മദത്തൻ എത്തി

June 5, 2021
Google News 1 minute Read

ആനപ്രേമികളുടെ പ്രിയ പാപ്പാൻ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ (ഓമന -74) ഓർമയായി. കാൽ നൂറ്റാണ്ടായി പല്ലാട്ട് ബ്രഹ്മദത്തന്റെ പാപ്പാനായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ആനപ്പാപ്പാനാണ്. ആറു പതിറ്റാണ്ടായി പാപ്പാനായി രംഗത്തുള്ള ദാമോദരൻ നായർ ‘ഓമനച്ചേട്ടൻ’ എന്ന പേരിലാണ് ആനപ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. ആനയോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹവും ആനകൾക്ക് ഇദ്ദേഹത്തോടുള്ള സ്നേഹവും പ്രസിദ്ധമാണ്.

ഓമനച്ചേട്ടൻ(ദാമോദരൻ നായർ-74) അർബുദരോഗത്തെത്തുടർന്ന് അന്തരിച്ചപ്പോഴാണ് തന്റെ സ്നേഹം തുമ്പികൈയിലേറ്റി ബ്രഹ്മദത്തൻ എത്തിയത്.വീടിന്റെ തിണ്ണയില്‍ കിടത്തിയിരുന്ന ഓമനച്ചേട്ടന്റെ മൃതദേഹത്തിന്റെ സമീപം എത്തിയ ആന തുമ്പിക്കൈ ഉയര്‍ത്തി പ്രണാമമര്‍പ്പിച്ചപ്പോള്‍ ഓമനച്ചേട്ടന്റെ മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു.രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര രംഗങ്ങളുണ്ടായി.

സംഭവത്തിന്റെ ഒരു ചെറിയ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ പർവീൻ കസ്വാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ കൂപ്പുകളിൽ നിന്ന് ആനയുടെ പരിചരണം പഠിച്ചാണ് ഇദ്ദേഹം പാപ്പാൻ സ്ഥാനം ഏറ്റെടുത്തത്. അസം ആനയായിരുന്ന ബ്രഹ്മദത്തനെ ദാമോദരൻ നായർ വരുതിയിലാക്കിയത് മലയാളം പഠിപ്പിച്ചും ഒപ്പം ഹിന്ദി വാക്കുകൾ പഠിച്ചും.

ബ്രഹ്മദത്തൻ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോൾ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വർഷമായി പാപ്പാൻ ഓമനച്ചേട്ടൻതന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു. ആനപ്രേമികൾക്കും ഈ ആനയും ആനക്കാരനും പ്രിയങ്കരരായിരുന്നു. ഇവരുടെ സ്നേഹപ്രകടനങ്ങൾ ആരെയും ആകർഷിക്കുന്നതായിരുന്നു.

തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ഈ ഇഴയടുപ്പം ആ നാട്ടുകാരും നേരിട്ടറിഞ്ഞു. ബ്രഹ്മദത്തന് അകമ്പടി നിന്നിരുന്ന ഒരാന ഇടഞ്ഞു മറ്റൊരു ആനയെ കുത്തി. കുത്തു കൊണ്ട ആന സമീപം നിന്നിരുന്ന ദാമോദരൻ നായരെ തട്ടിവീഴ്ത്തി. കുത്താൻ ആയുന്നതിനിടെ ബ്രഹ്മദത്തൻ ആ ആനയുടെ വയറിൽ കുത്തി ഓടിച്ചു. മരണത്തെ മുഖാമുഖം കണ്ട സമയത്ത് എഴുന്നേറ്റു വന്നു ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു നിൽക്കുന്ന ദാമോദരൻ നായർ ജനങ്ങൾക്കു വിസ്മയമായിരുന്നു.

തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ ഉൾപ്പെടെ കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ദാമോദരൻ നായർ. ഇത്തവണത്തെ തൃശ്ശൂർ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടൻ മരിച്ചതിനെത്തുടർന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും മേലമ്പാറയിൽനിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here