Advertisement

പുനലൂർ-മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കണം; നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി

June 6, 2021
Google News 2 minutes Read
muhammed riyas punalur muvattupuzha

പുനലൂർ മൂവാറ്റുപുഴ ഹൈവേ നിർമാണം ഒക്ടോബറിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. തർക്കങ്ങൾ ഉടൻ പരിഹരിച്ച് നിർദിഷ്ട വീതിയിൽ തന്നെ റോഡ് പണി നടത്താൻ കോന്നിയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനമായി. നിർമാണ പുരോഗതി ഓരോ മാസവും എംഎൽഎമാർ വിലയിരുത്തും.

പുനലൂർ – മൂവാറ്റുപുഴ ഹൈവേ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ കോന്നിയിലും റാന്നിയിലുമാണ് പൊതുമരാമത്ത് മന്ത്രി സന്ദർശനം നടത്തിയത്. മുവാറ്റുപുഴ മുതൽ പൊൻകുന്നം വരെ വേഗത്തിൽ പണി പൂർത്തിയായെങ്കിലും ബാക്കിയുള്ള 82 കിലോമീറ്ററിലെ റോഡ് നിർമാണത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നിരുന്നു. നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി ഒക്ടോബറിനകം പണി പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ നിർദേശം നൽകി. പരാതികൾ വേഗത്തിൽ പരിഹരിക്കാനും മാസംതോറും എംഎൽഎമാരുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്താനും തീരുമാനമായി.

ലോക ബാങ്ക് സഹായത്തോടെ 732 കോടി രൂപ ചിലവഴിച്ചാണ് പുനലൂർ – മൂവാറ്റുപുഴ ഹൈവേയുടെ നിർമാണം. 14 മീറ്റർ നിർദേശിച്ച ഹൈവേയിൽ പലയിടത്തും ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കുന്നില്ലെന്നും വീതി കുറവെന്നും ആക്ഷേപമുണ്ട്. കലുങ്കുകളുടെ എണ്ണം കുറച്ചെന്നും റോഡ് ഉയർത്തിയ സ്ഥലങ്ങളിൽ വീട്ടിലേക്കുള്ള വഴി പുനർ നിർമിക്കുന്നില്ലെന്നും മന്ത്രിയുടെ മുന്നിൽ പരാതികൾ എത്തി. ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡി, കെയു ജെനീഷ് കുമാർ എംഎൽഎ, റാന്നിയിൽ പ്രമോദ് നാരായണൻ എംഎൽഎയും കെഎസ്ടിപി ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു.

Story Highlights: minister muhammed riyas about punalur muvattupuzha highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here