Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (08-06-2021)

June 8, 2021
Google News 1 minute Read

കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും

കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാന്‍ ഒരു കോടി രൂപ; നിയമസഭയിൽ ചോ​ദ്യം ഉന്നയിച്ച് പ്ര​തി​പ​ക്ഷം

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ന്‍ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രംഗത്തെത്തി. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ ചോ​ദ്യം ചെ​യ്ത​ത്. ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ എങ്ങനെയാണ് ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്നതെന്ന് പി.​ടി തോ​മ​സ് എം​.എ​ല്‍​.എ ചോ​ദി​ച്ചു.

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്.

മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍. വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന് പി ടി തോമസ് പറഞ്ഞു.

പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ. പുതുതായി 86,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2123 കൊവിഡ് മരണമാണ്. ആകെ കൊവിഡ് മരണ സംഖ്യ ഇതോടെ മൂന്നര ലക്ഷം കടന്നു.

ബിജെപിയിലെത്താന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജനാധിപത്യ പാര്‍ട്ടി ട്രഷറല്‍ പ്രസീത അഴീക്കോട്. സി കെ ജാനു കെ സുരേന്ദ്രന്റെ സെക്രട്ടറിയുമായി സംസാരിക്കുന്ന ഓഡിയോ റെക്കോര്‍ഡ് എന്ന് അവകാശപ്പെട്ടാണ് തെളിവ് പുറത്തുവിട്ടത്. സി കെ ജാനു തന്റെ ഫോണില്‍ നിന്നാണ് സംസാരിച്ചത്. ഹോട്ടല്‍ റൂമില്‍ പണം കൈമാറിയെന്നും അവര്‍ ആരോപിച്ചു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊടകര കള്ളപ്പണ കവര്‍ച്ച; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഏറ്റെടുക്കും

വിവാദമായ തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here