മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക്

പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആശങ്കയേറുന്നു. മുതിർന്ന നേതാവ് മുകുൾ റോയിക്ക് പിന്നാലെ റജീബ് ബാനർജിയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മടങ്ങിവരവുമായി ബന്ധപ്പെട്ട് റജീബ് ബാനർജി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്.
മുകുൾ റോയി തിരികെ എത്തിയതിനു പിന്നാലെ കൂടുതൽ ആളുകൾ ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലെത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.”മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. കൂടുതൽ പേർ വരും” – മമത പ്രതികരിച്ചു. നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും മമത പറഞ്ഞു.
മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് ത്രിണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുൾ റോയിക്കും മകനും ടിഎംസിയിൽ നിന്ന് ലഭിച്ചത്. ബംഗാളിൽ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയിൽ നിന്ന് ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നു മുകുൾ റോയ്.
ബിജെപി വിട്ടതിന് ശേഷം തന്റെ പഴയ സഹപ്രവർത്തകരെ കാണുമ്പോൾ വലിയ സന്തോഷം തോനുന്നുവെന്നാണ് മുകുൾ റോയ് പ്രതികരിച്ചത്. തനിക്ക് ബിജെപിയ്ക്കൊപ്പം തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: BJP leader Rajib Banerjee might join TMC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here