യൂറോ കപ്പ്: ഒന്നു വീതമടിച്ച് വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ

യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ. ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. 49, 74 മിനിട്ടുകളിലാണ് ഗോളുകൾ പിറന്നത്. സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോയും വെയ്ൽസിനായി കീഫർ മൂറും വല ചലിപ്പിച്ചു.
വെയിൽസാണ് ആക്രമണം തുടങ്ങിയതെങ്കിലും ആദ്യ 15 മിനിട്ടുകൾക്ക് ശേഷം സ്വിറ്റ്സർലൻഡ് കളി പിടിച്ചു. വെയിൽസ് പ്രതിരോധം പലവട്ടം കീറിമുറിച്ച സ്വിസ് പടയാളികൾക്ക് പക്ഷേ, ഗോൾ വല തുളയ്ക്കാനായില്ല. ആദ്യ പകുതി ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലും സ്വിറ്റ്സർലൻഡ് തന്നെയാണ് കളി നിയന്ത്രിച്ചത്. 49ആം മിനിട്ടിൽ അതിനുള്ള ഫലം കണ്ടു. കോർണറിൽ നിന്നായിരുന്നു ഗോൾ. സെർദാൻ ഷഖീരിയുടെ കോർണറിൽ നിന്ന് ബ്രീൽ എംബോളോ വെയിൽസ് ഗോൾമുഖം ഭേദിച്ചു. ലീഡ് എടുത്തതോടെ സ്വിറ്റ്സർലൻഡ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാൽ, ഈ സമയത്ത് വെയിൽസ് ആക്രമണം കടുപ്പിച്ചു. തുടരെ സ്വിസ് ഗോൾമുഖം റെയ്ഡ് ചെയ്ത വെയിൽസ് 74ആം മിനിട്ടിൽ ഗോൾ മടക്കി. കോർണറിൽ നിന്ന് തന്നെയാണ് വെയിൽസിൻ്റെയും ഗോൾ പിറന്നത്. ജോ മോറലിൻ്റെ കോർണറിൽ നിന്ന് കീഫർ മൂർ ആണ് വെയിൽസിൻ്റെ സമനില ഗോൾ നേടിയത്.
86ആം മിനിട്ടിൽ സ്വിറ്റ്സർലൻഡ് വീണ്ടും സ്കോർ ചെയ്തെങ്കിലും വാർ പരിശോധനയിലൂടെ ആ ഗോൽ ഓഫ് സൈഡാണെന്ന് റഫറി വിധിച്ചു. ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.
Story Highlights: euro cup wales vs switzerland draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here