സേവ് കുട്ടനാട് സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് : മന്ത്രി സജി ചെറിയാൻ

കുട്ടനാട്ടിലെ ദുരിതങ്ങളിൽ ഇടപെട്ട് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി. രണ്ടാം കുട്ടനാട് പാക്കേജ് അടക്കമുള്ള പദ്ധതികൾ ശാസ്ത്രീയമായി നടപ്പാക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. യോഗത്തിൽ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സേവ് കുട്ടനാട് സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തി.
മടവീഴ്ചയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവുമടക്കമുള്ള ദുരിതങ്ങൾക്ക് പരിഹാര നിർദേശങ്ങൾ ചർച്ച ചെയ്യാനാണ് സർക്കാർ യോഗം വിളിച്ചത്. രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്തത് മാത്രമേ പാക്കേജ് നടപ്പാക്കൂവെന്ന് മന്ത്രി പി പ്രസാദ് ഉറപ്പുനൽകി.
ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കിയത് പോലെ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കാമെന്ന് കരുതുന്ന ഉദ്യോഗസ്ഥർ ട്രാൻസ്ഫർ വാങ്ങി പോകണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സേവ് കുട്ടനാട് കൂട്ടായ്മയേയും മന്ത്രിയുടെ രൂക്ഷമായി വിമർശിച്ചു. ‘കുട്ടനാടിനെ രക്ഷിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകും എന്നുപറഞ്ഞ് ചിലർ ഇറങ്ങിയിട്ടുണ്ട്, അവർക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ട്’- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതിന് പിന്നാലെ മന്ത്രിക്ക് മറുപടിയുമായി സേവ് കുട്ടനാട് ക്യാമ്പയിൻ പ്രതിനിധികളും രംഗത്തെത്തി. മന്ത്രിയുടെ പരാമശം വേദനിപ്പിച്ചുവെന്നും, പണ്ട് ഇതേ സജി ചെറിയാൻ ചെങ്ങന്നൂരിൽ വച്ച് നിലവിളിച്ചപ്പോൾ എല്ലാവരും ഓടിയെത്തിയത് മറക്കരുതെന്നും സേവ് കുട്ടനാട് പ്രതിനിധി എം. വി. ആന്റണി പ്രതികരിച്ചു.
അതേസമയം, കുട്ടനാട് വിഷയത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
Story Highlights: minister saji cherian slams save kuttanad forum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here