Advertisement

യൂറോ കപ്പ്: അവസാനത്തിൽ അടിപതറി ഹംഗറി; പോർച്ചുഗലിന് വിജയത്തുടക്കം

June 15, 2021
Google News 2 minutes Read
portugal won hungary euro

യൂറോ കപ്പിൽ ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ. മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് പറങ്കിപ്പട ഹംഗറിയെ കീഴ്പ്പെടുത്തിയത്. റാഫേൽ ഗുറേറോ (84), ക്രിസ്ത്യാനോ (87, 90+2) റൊണാൾഡോ എന്നിവരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയത്. ഇതോടെ അഞ്ച് യൂറോ കപ്പിൽ കളിക്കുകയും അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുകയും ചെയ്യുന്ന ആദ്യ താരമായി റൊണാൾഡോ മാറി. പരാജയപ്പെട്ടെങ്കിലും പോർച്ചുഗലിനെ പരീക്ഷിക്കാൻ ഹംഗറിക്ക് കഴിഞ്ഞു. പോർച്ചുഗലിൻ്റെ മൂന്ന് ഗോളിലും പകരക്കാരനായി ഇറങ്ങിയ റാഫ സിൽവ പങ്കാളിയായി. 71ആം മിനിട്ടിലാണ് ബെർണാഡോ സിൽവയ്ക്ക് പകരം റാഫ സിൽവ ഇറങ്ങിയത്.

സ്കോർനില സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. കളി നിയന്ത്രിച്ചത് പോർച്ചുഗൽ ആണെങ്കിലും പ്രതിരോധപ്പൂട്ടിട്ട് ഹംഗറി നിലവിലെ ചാമ്പ്യന്മാർക്ക് തലവേദന സൃഷ്ടിച്ചു. പോർച്ചുഗലിൻ്റെ ആക്രമണങ്ങളെയൊക്കെ സമർത്ഥമായി തടഞ്ഞ ഹംഗറി 84 മിനിട്ട് വരെ പിടിച്ചുനിന്നു. ഇടക്കിടെ ഒറ്റപ്പെട്ട ചില അവസരങ്ങൾ സൃഷ്ടിച്ച അവർ പോർച്ചുഗീസ് ഗോൾ വലയം ഭേദിച്ചതുമാണ്. എന്നാൽ അത് ഓഫ് സൈഡായി. 84ആം മിനിട്ടിലാണ് നിർണായകമായ ഗോൾ പിറന്നത്. ബോക്സിലേക്ക് റാഫ സിൽവ നൽകിയ പന്ത് ഹംഗേറിയൻ താരത്തിൻ്റെ കാലിൽ കൊണ്ട് ഗുറേറേയുടെ കാൽക്കലേക്ക്. ഗുറേറോ ബോക്സിലേക്ക് ഷോട്ട് ഉതിർത്തു. ഡിഫ്ലക്ഷൻ ഇല്ലായിരുന്നെങ്കിൽ നേരെ ഗോളിയുടെ കൈകളിലേക്ക് പോകുമായിരുന്ന ദുർബലമായ ഷോട്ട് വില്ലി ഓർബൻ്റെ കാലിൽ കൊണ്ട് ഗതിമാറി വലയുടെ ബോട്ടം റൈറ്റ് കോർണറിൽ പതിച്ചു. ഗോൾ 1-0.

ഈ ഗോളോടെ കളിയുടെ ഗതി തന്നെ മാറി. 86ആം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. റാഫ സിൽവയെ ബോക്സിനുള്ളിൽ വീഴ്ത്തിയ ഓർബനു മഞ്ഞക്കാർഡ് നൽകി റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ക്രിസ്ത്യാനോയ്ക്ക് പിഴച്ചില്ല. ഒരു പവർഫുൾ ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. സ്കോർ 2-0. രണ്ടാം പകുതിയുടെ അധിക സമയത്ത് അടുത്ത ഗോൾ പിറന്നു. വളരെ മനോഹരമായ ഒരു ടീം ഗോളായിരുന്നു അത്. റാഫ സിൽവയുമൊത്ത് വൺ-ടു പാസുകൾ കളിച്ച ക്രിസ്ത്യാനോ ബോക്സിനുള്ളിൽ കയറി ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സ്കോർ 3-0.

Story Highlights: portugal won against hungary euro cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here