എൽജെപിയിൽ പൊട്ടിത്തെറി തുടരുന്നു; നിയമപോരാട്ടത്തിനൊരുങ്ങി ചിരാഗ് പസ്വാൻ

എൽജെപിയിലെ പൊട്ടിത്തെറിക്കിടെ വിമതർക്ക് നേരെ നിയമപോരാട്ടം നടത്തുമെന്ന് ചിരാഗ് പസ്വാൻ. ലോകജനശക്തി പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിന് ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ചിരാഗ് നിയമപോരാട്ടത്തിന് തയാറാണെന്ന് വ്യക്തമാക്കിയത്.
താൻ സിംഹത്തിന്റെ മകനാണ് എന്നാണ് ചിരാഗ് മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വിശേഷിപ്പിച്ചത്. പിതൃസഹോദരൻ പശുപതി പരസ് അടക്കം അഞ്ച് എംപിമാരായിരുന്നു ചിരാഗ് പസ്വാനെതിരെ വിമത നീക്കം നടത്തിയത്. അതേസമയം ഇവരെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പശുപതി പരസിന്റെ നടപടിക്ക് നേരെ വികാരാധീനനായാണ് ചിരാഗ് പസ്വാൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. പാർട്ടിയിൽ താൻ അനാഥനായെന്നും ചിരാഗ് പറഞ്ഞു.
ചിരാഗ് പസ്വാനെതിരെ അഞ്ച് എൽജെപി എംപിമാർ വിമതനീക്കം നടത്തിയതോടെയാണ് പാർട്ടിയിൽ പൊട്ടിത്തെറികളുണ്ടായത്. ഒരാൾക്ക് ഒരു പദവി മതിയെന്ന നയത്തെ തുടർന്നാണ് ചിരാഗിനെ നീക്കം ചെയ്തത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽജെപി പാർലമെന്ററി പാർട്ടി നേതാവ്, പാർലമെന്ററി ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ചിരാഗ് ആണ് വഹിച്ചിരുന്നത്. ആകെ ആറ് എംപിമാരുള്ള എൽജെപിയിലെ അഞ്ചുപേരും ചിരാഗിനെതിരായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിരാഗ് പസ്വാനെ ഒറ്റപ്പെടുത്തി ഒപ്പമുണ്ടായിരുന്ന എംപിമാർ എതിർപക്ഷത്തേക്ക് നീങ്ങിയത്.പുറത്താക്കപ്പെട്ട വിമത എംപിമാരാണ് ചിരാഗിന്റെ പിതൃസഹോദരൻ പശുപതി പരസിനെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്ത് നിയമിച്ചത്.
Story Highlights: chirag paswan, LJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here