4077 കോടിയുടെ ഡീപ്പ് ഓഷ്യന്‍ ദൗത്യം; ആഴക്കടല്‍ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

സമുദ്ര പര്യവേഷണത്തിനായുള്ള ഡീപ്പ് ഓഷ്യന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. അഞ്ച് വര്‍ഷം ദൈര്‍ഘ്യമേറിയ ഏകദേശം 4077 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
സമുദ്ര പര്യവേഷണ മേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്ര ഭൗമ മന്ത്രാലയമാണ് ഡീപ്പ് ഓഷ്യന്‍ മിഷനുളള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ആറ് പ്രധാന ഘടകങ്ങള്‍ അടങ്ങിയതാണ് ഡീപ്പ് ഓഷ്യന്‍ ദൗത്യം. സമുദ്ര ഖനനത്തിനായുള്ള സാങ്കേതിക വിദ്യയുടെ വികസനം, സമുദ്ര കാലാവസ്ഥാ മാറ്റം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ നിര്‍മാണം, ആഴക്കടലിലെ ജൈവവൈവിധ്യം കണ്ടെത്തുന്നതിനും പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള സാങ്കേതിക വിദ്യയുടെ വികസനം, ആഴക്കടല്‍ സര്‍വേയും പര്യവേഷണവും, സമുദ്രത്തില്‍ നിന്നുള്ള ഊര്‍ജോത്പാദനവും ശുദ്ധജല നിര്‍മാണവും എന്നിവയാണ് ഇവ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ധനകാര്യ സമിതി ദൗത്യത്തിന് അംഗീകാരം നല്‍കി. സമുദ്ര പര്യവേഷണ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും പദ്ധതിയുമായി സഹകരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
മറുവശത്ത് സമുദ്ര സമ്പത്ത് അശാസ്ത്രീയവും അനിയന്ത്രിതവുമായ വാണിജ്യ ചൂഷണത്തിന് തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയാണ് തീരുമാനമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രാഥമിക നിരീക്ഷണം. തന്ത്രപ്രധാനമായ ആഴക്കടല്‍ ഖനന സാങ്കേതികവിദ്യ വീണ്ടുവിചാരമില്ലാതെ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നാണ് പ്രധാന വിമര്‍ശനം. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത പര്യവേക്ഷണ പദ്ധതികളില്‍ പ്രധാനം ആഴക്കടല്‍ ധാതുവിഭവ ഖനനത്തിന് സാങ്കേതികവിദ്യ വികസിപ്പിക്കലായതും സംശയകരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Story Highlights: deep ocean mission, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here