സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടി; 13 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ പതിമൂന്ന് വര്ഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിക്ഷേപക തുകയാണിതെന്ന് സ്വിറ്റ്സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്ക് പുറത്ത് വിട്ട കണക്ക് വിശദമാക്കുന്നത്. 2020ൽ നിക്ഷേപത്തിൽ വൻ വർധനയാണ് ഉണ്ടായത്. ഏകദേശം 20,700 കോടി രൂപ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സ്വിസ് ബാങ്കിന്റെ ഇന്ത്യയിലെ ശാഖകളിലൂടെയും വലിയ രീതിയിൽ നിക്ഷേപം നടന്നിട്ടുണ്ട്.
2019ൽ 6,625 കോടിയുണ്ടായിരുന്ന നിക്ഷേപമാണ് വലിയ രീതിയിൽ വർധിച്ചിരിക്കുന്നത്. 2006ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വലിയ കുറവ് വന്നിരുന്നുവെന്നും സെന്‍ട്രല്‍ ബാങ്ക് വിശദമാക്കുന്നു.
നേരിട്ടുള്ള നിക്ഷേപത്തിന് പുറമേ ബോണ്ടുകളിലൂടെയും സെക്യൂരിറ്റികളിലൂടെയും ഇന്ത്യൻ പൗരൻമാർ സ്വിസ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യക്കാർ സ്വിസ്ബാങ്കിൽ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ പൂർണമായ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന.
മൂന്നാം രാജ്യങ്ങളുടെ പേരിൽ ഇന്ത്യക്കാർ, എൻ.ആർ.ഐ.കൾ അല്ലെങ്കിൽ മറ്റുള്ളവർക്ക് സ്വിസ് ബാങ്കുകളിൽ ഉണ്ടായിരിക്കാവുന്ന പണവും ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല.
2018 മുതല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് നികുതി വിഭാഗത്തിന് കണക്കുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ബാങ്ക് രാജ്യത്തിന് നല്‍കുന്നുണ്ട്.
യു.കെ.യാണ് സ്വിസ് ബാങ്കിലെ വിദേശ നിക്ഷേപത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തും. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ജര്‍മനി, സിംഗപ്പൂര്‍, ലക്സംബര്‍ഗ്, ബഹാമാസ് എന്നീരാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്തുള്ളത്. ഈ പട്ടികയിൽ 51 ആം സ്ഥാനമാണ് ഇന്ത്യയുടേത്. ന്യൂസിലാന്‍ഡ്, നോര്‍വ്വെ, ഡെന്‍മാര്‍ക്ക്, ഹംഗറി, മൌറീഷ്യസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പിലാണ് ഇന്ത്യ. 2020ല്‍ വിദേശ നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായ രാജ്യങ്ങളാണ് അമേരിക്കയും യു.കെ.യുമെന്നാണ് സ്വിസ് ബാങ്ക് കണക്കുകള്‍ വിശദമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here