Advertisement

കെ സുധാകരന്റെ ബ്രണ്ണൻ കോളജിലെ അടിയും ചവിട്ടും; സുധാകരൻ സ്വപ്‌നാടനത്തിന്റെ പുറത്താണെന്ന് മുഖ്യമന്ത്രി

June 18, 2021
Google News 2 minutes Read

ബാലനോട് ”പിടിച്ചുകൊണ്ട് പോടാ ആരാ ഇവൻ?” എന്നു ഞാൻ ചോദിച്ചു

ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടിയെന്നും വളഞ്ഞിട്ട് തല്ലിയെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ പറയുന്നതെല്ലാം സ്വപ്‌നാടനത്തിന്റെ പുറത്താണെന്നും എന്നെ കിട്ടിയാൽ ഒന്ന് ചവിട്ടാമെന്നൊക്കെ സുധാകരൻ കരുതിയിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

‘അന്ന് ഞങ്ങളെല്ലാം വിദ്യാർത്ഥികളാണ്. അക്കാലത്ത് ഞാൻ കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ് ഞാൻ. ഒരിക്കൽ ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത സമയത്താണ് സംഭവം. കോളജിൽ പ്രതിഷേധം നടക്കുന്നുണ്ട്. എനിക്കന്ന് പരീക്ഷയുമുണ്ട്. പക്ഷേ ബഹിഷ്‌കരണമായതിനാൽ ഞാൻ കോളജിൽ പോയെങ്കിലും പരീക്ഷ എഴുതിയില്ല. ബഹിഷ്‌കരണത്തിന്റെ ഭാഗമായി പ്രതിഷേധം നടക്കുന്നുണ്ട്.

കെഎസ്‌യുക്കാരാണ് കെഎസ്എഫ് ആഹ്വാനം ചെയ്ത സമരം തടയാൻ വരുന്നത്. കോളജിനകത്ത് എനിക്ക് ചെല്ലുന്നതിന് പരിമിതിയുണ്ടായിരുന്നു. അന്ന് കെ സുധാകരനും കെഎസ്‌യു പ്രവർത്തകരുടെ കൂട്ടത്തിലുണ്ട്. പക്ഷേ എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു. കോളജ് വിട്ട സാഹചര്യത്തിൽ പുറത്തുനിന്ന് കയറി പ്രശ്‌നമുണ്ടാക്കരുത് എന്നുള്ളതിനാൽ സംഘർഷത്തിൽ ഉൾപ്പെടാതെ ഇരിക്കാനായിരുന്നു എന്റെ ശ്രമം. പക്ഷേ സംഗതി കൈവിട്ടുപോയി. രണ്ട് കയ്യും കൂട്ടി ഞാൻ അടിച്ചു. പക്ഷേ സുധാകരനെ തൊട്ടിട്ടില്ല. അന്ന് എകെ ബാലനുമുണ്ട്. ബാലനോട് ”പിടിച്ചുകൊണ്ട് പോടാ ആരാ ഇവൻ?” എന്നു ഞാൻ ചോദിച്ചു. അതാണ് സംഭവിച്ചത്. അന്ന് ആ സംഭവം അവിടെ അവസാനിച്ചത് കോളജ് വിട്ട, പരീക്ഷ എഴുതാൻ മാത്രം അങ്ങോട്ട് പോയ ഒരാളാണ് ഞാൻ എന്ന കാരണത്താലാണ്. അത് സുധാകരൻ ഓർക്കുന്നത് നല്ലതാണ്.

അന്ന് ഇതെല്ലാമാണ് സംഭവിച്ചത്. ബാക്കിയുള്ളതെല്ലാം സുധാകരന്റെ കണക്കുകൂട്ടലുകളാണ്. ക്യാമ്പസിൽ കത്തിയുമായി നടക്കുന്ന ഫ്രാൻസിസ് എന്ന സഹപാഠിയെ കുറിച്ചും സുധാകരൻ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു പൊതുയോഗത്തിൽ ഫ്രാൻസിസിനെപ്പറ്റി പറഞ്ഞപ്പോൾ അയാൾ ചാടിവീണ് മൈക്ക് എടുത്ത് തലയ്ക്കടിച്ചു. അന്നും അവരൊക്കെ ചേർന്ന് എന്നെ തല്ലിയെന്നൊക്കെയുള്ള സുധാകരന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ മോഹം മാത്രമായിരുന്നു’. മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan, k Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here