യൂറോ കപ്പ്: ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും സമനില

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്കോട്ലൻഡ്. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ കുരുക്കിയ സ്കോട്ലൻഡ് യൂറോ കപ്പിലെ ആദ്യ പോയിൻ്റും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴ്പ്പെടുത്തിയ ഇംഗ്ലണ്ടിന് ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിയുമായിരുന്നു. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും സമനില വഴങ്ങി. ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു.
കരുത്തർ ഞെട്ടിയ ദിവസമായിരുന്നു ഇന്നലെ. എതിരാളികളുടെ വലിപ്പം നോക്കാതെ സ്കോട്ലൻഡും ചെക്ക് റിപ്പബ്ലിക്കും കളി മെനഞ്ഞതോടെ മത്സരം ആവേശകരമായി. പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിയാതെ ചാൻസുകൾ ക്രിയേറ്റ് ചെയ്തും എതിരാളികളുടെ പെനാൽറ്റി ബോക്സിൽ ഭീതി നിറച്ചും കുഞ്ഞൻ ടീമുകൾ കളം നിറഞ്ഞ് കളിച്ചു. ഹാരി കെയ്നും റഹീം സ്റ്റെർലിങുമൊക്കെ അടങ്ങിയ ഇംഗ്ലണ്ട് നിരയെ തടഞ്ഞുനിർത്തിയതിനൊപ്പം ഇംഗ്ലീഷ് പ്രതിരോധത്തിനും ജോർഡൻ പിക്ക്ഫോർഡിനും പലപ്പോഴും വെല്ലുവിളി ഉയർത്താൻ സ്കോട്ട്ലൻഡിനു കഴിഞ്ഞു. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പ്രതിരോധം വഴങ്ങാതിരുന്നതോടെ കളി ഗോൾരഹിത സമനില.
ക്രൊയേഷ്യ ആവട്ടെ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് സമനില നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ചെക്ക് പലപ്പോഴും ഗോളിനരികെ എത്തി. അതിനുള്ള ഫലമായി ആദ്യ മത്സരത്തിലെ ഹീറോ പാട്രിക്ക് ഷിക്ക് 37ആം മിനിട്ടിൽ നേടിയ ഗോളിൽ ചെക്ക് കളിയിൽ ആഥിപത്യം നേടി. ഷിക്കിനെ ദേജാൻ ലോവ്റൻ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു ഗോൾ. ഒരു ഗോൾ വീണതോടെ സമനില കണ്ടെത്താൻ ക്രൊയേഷ്യ കിണഞ്ഞുശ്രമിച്ചു. 10 മിനിട്ടുകൾക്കുള്ളിൽ അവർ തിരിച്ചടിച്ചു. ഈ ഗോളും സെറ്റ് പീസിൽ നിന്നായിരുന്നു. ക്രമാരിച്ച് എടുത്ത ഫ്രീകിക്ക് സ്വീകരിച്ച് പെരിസിച്ച് വല ചലിപ്പിച്ചു. തുടർന്ന് ഒരു ടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം വിട്ടുകൊടുത്തില്ല.
Story Highlights: euro cup croatia and england drew matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here