തോറ്റിട്ടില്ല, തോറ്റിട്ടില്ല, ഇറ്റലി തോറ്റ ചരിത്രം കേട്ടിട്ടില്ല

30 മത്സരങ്ങളായി മാൻസീനിയുടെ ഇറ്റലി ഒരു കളി പരാജയപ്പെട്ടത്. ഇന്നലെ വെയിൽസിനെതിരെയായിരുന്നു തോൽവിയറിയാതെയുള്ള അവരുടെ 30ആം മത്സരം. 8 പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടും ഇറ്റലി ജയിച്ചു. 2018 സെംപ്റ്റംബറിൽ, യുവേഫ നേഷൻസ് ലീഗിലാണ് മുൻ ലോക ചാമ്പ്യന്മാർ അവസാനമായി തോൽവിയറിഞ്ഞത്. പോർച്ചുഗലായിരുന്നു എതിരാളികൾ. അത് കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടര വർഷമായി. പിന്നീട് ഇതുവരെ ഒരു കളി പോലും അവർ പരാജയപ്പെട്ടിട്ടില്ല. ആ വർഷം ഒക്ടോബറിൽ നടന്ന സൗഹൃദ മത്സരത്തിൽ യുക്രൈനെതിരെ സമനില പിടിച്ച് തുടങ്ങിയ കുതിപ്പാണ് 30 മത്സരങ്ങൾ പൂർത്തിയാക്കി നിൽക്കുന്നത്.
30 മത്സരങ്ങളിലെ അപരാജിത കുതിപ്പ് മാൻസീനിയെയും സംഘത്തെയും ഒരു ലോക റെക്കോർഡിനൊപ്പം എത്തിച്ചിരിക്കുകയാണ്. വിക്ടോറിയോ പോസോ പരിശീലിപ്പിച്ചിരുന്ന ഇറ്റലി 1935 ഒക്ടോബറിനും 1939 ജൂലൈയ്ക്കുമിടയിൽ തുടർച്ചയായ 30 മത്സരങ്ങളിൽ തോൽവി അറിഞ്ഞിരുന്നില്ല. 82 വർഷം പഴക്കമുള്ള ഈ ദേശീയ റെക്കോർഡിനൊപ്പമാണ് നിലവിൽ റോബർട്ടോ മാൻസീനിയും സംഘവും. യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ വിജയിച്ചാൽ ഈ റെക്കോർഡ് മാൻസീനിയുടെ ടീമിന് സ്വന്തമാക്കാം.
മുൻ ദേശീയ താരം റോബർട്ടോ മാൻസീനി ടീം പരിശീലകനായി എത്തിയതോടെയാണ് ഇറ്റലി ഡ്രീം റൺ ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ സ്തബ്ധരായി നിന്ന ഇറ്റാലിയൻ ടീമിൻ്റെ പരിശീലകനായി മാൻസീനി എത്തുന്നത് 2018 മെയ് മാസത്തിലാണ്. 2020 വരെ ആയിരുന്നു കരാർ. യൂറോ യോഗ്യത നേടിയാൽ കരാർ അധികരിപ്പിക്കുമെന്നുണ്ടായിരുന്നു. മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഇറ്റലി യൂറോ യോഗ്യത നേടി. കരാർ നീട്ടി 2022 വരെ ആക്കി. യൂറോ യോഗ്യതാ മത്സരങ്ങളിൽ ഒന്നുപോലും പരാജയപ്പെടാതെ ഇറ്റലി കുതിച്ചു. 37 തവണ എതിരാളികളുടെ വല കുലുക്കിയ മുൻ ലോക ചാമ്പ്യന്മാർ ആകെ വഴങ്ങിയത് വെറും നാല് ഗോളുകൾ. തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ ദേശീയ ടീം റെക്കോർഡും മാൻസീനി സ്ഥാപിച്ചു. ഇതിനിടെ യുവേഫ നേഷൻസ് ലീഗിലും ഇറ്റലി ഒന്നാമതെത്തി. മാൻസീനിയുടെ കരാർ വീണ്ടും നീട്ടി. ഇപ്പോൾ 2026 വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി. മാൻസീനി സ്ഥാനം ഏറ്റെടുത്തതിനു ശേഷം വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീം പരാജയം അറിഞ്ഞിട്ടുള്ളത്.
Story Highlights: Italy match record with 30-game unbeaten run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here