കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; കേസ് നിയമപരമായി നേരിടും: യുഡിഎഫ്

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. എകെജി സെന്ററിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചാണ് ഇടതുമുന്നണിയുടെ വിജയാഘോഷം നടത്തിയത്. അന്ന് കേസ് എടുത്തില്ല. സർക്കാർ തലത്തിൽ തന്നെ വേറെയും പ്രോട്ടോക്കോൾ ലംഘനങ്ങൾ പലതുണ്ടായി. അതിലൊന്നും കേസ് എടുക്കാതെ കോൺഗ്രസിന്റെ ചടങ്ങിനെതിരെ കേസ് എടുത്തത് രാഷ്ട്രീയ വിരോധത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് ആസൂത്രിതമായാണ്. 450 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ നിന്ന് ഈ പ്രതികളുടെ ഭാര്യമാരെ മാത്രം തെരഞ്ഞെടുത്തത് യാദൃശ്ചികമാണെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം വിശ്വസനീയമല്ല.
സിപിഎമ്മിന് വേണ്ടി കൊല്ലാൻ നടക്കുന്നവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും അവർക്ക്സർക്കാർ എന്ത് സഹായവും ചെയ്യുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ പുറത്തുവരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ ആർക്കും ധൈര്യമായി കൊല്ലാമെന്നതിനുള്ള പ്രോത്സാഹനമാണ് പ്രതികളുടെ ഭാര്യമാർക്ക് ജോലി കൊടുത്തതിലൂടെ സർക്കാർ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here