വനിത കമ്മീഷൻ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്; ജോസഫൈന്റെ കോലം കത്തിച്ചു

ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിത കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വനിത കമ്മീഷന്റെ ഓഫീസിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജോസഫൈന്റെ കോലം കത്തിച്ചു. കെഎസ്യു പ്രവർത്തകരും ജോസഫൈന്റെ പരാമർശത്തിനെതിരെ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു.
ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് “എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഈ പരാമർശമാണ് വിവാദമായത്. എന്നാൽ യുവതിയോട് “അനുഭവിച്ചോ’ എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ പ്രതികരിച്ചിരുന്നു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.
അതേസമയം വനിതാകമ്മീഷന് അധ്യക്ഷയെ പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. പരാമര്‍ശം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.
‘സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്,’ എ.ഐ.എസ്.എഫ്. പ്രസ്താവനയില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here