ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതാണ് തോൽവിക്ക് കാരണമായത്: സഞ്ജയ് മഞ്ജരേക്കർ

ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയ്ക്കെതിരെ വീണ്ടും സഞ്ജയ് മഞ്ജരേക്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് മഞ്ജരേക്കർ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്കിൻഫോയോടാണ് മുൻ താരവും കമൻ്റേറ്ററുമായ മഞ്ജരേക്കറുടെ പ്രതികരണം.
“മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, മഴയെ തുടർന്ന് ആദ്യ ദിനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരുമായി ഇറങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. ജഡേജയെ ടീമിൽ ഉൾപ്പെടുത്തുന്നത് ബാറ്റിംഗ് പരിഗണിച്ചാണ്. ബൗളിംഗല്ല. അതിനെയാണ് ഞാൻ എപ്പോഴും എതിർക്കുന്നത്. പിച്ച് ഡ്രൈ ആണെങ്കിൽ, ടേൺ ചെയ്യുന്നതാണെങ്കിൽ സ്പിൻ ഓപ്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താം. സ്പെഷ്യലിസ്റ്റ് താരങ്ങളാവണം ടീമിൽ കളിക്കേണ്ടത്. ബാറ്റിങ് മുൻനിർത്തി ഇന്ത്യ ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത് തിരിച്ചടിയായി. ഹനുമാ വിഹാരിയെപ്പോലൊരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ നമുക്ക് ഉണ്ടായിരുന്നു. സാങ്കേതികത്തികവുള്ള വിഹാരി നമുക്ക് ഉപകാരപ്പെടുമായിരുന്നു. ഒരു മികച്ച സ്കോറിലേക്ക് അദ്ദേഹം നമ്മളെ എത്തിക്കുകയും ചെയ്യുമായിരുന്നു.”- മഞ്ജരേക്കർ പറഞ്ഞു.
തട്ടിക്കൂട്ട് ക്രിക്കറ്റർ എന്ന് വിളിച്ചാണ് ആദ്യം മഞ്ജരേക്കർ ജഡേജയോടുള്ള തൻ്റെ അനിഷ്ടം പ്രകടമാക്കിയത്. ഇതിനെതിരെ ജഡേജയും ട്വിറ്റർ ലോകവും രംഗത്തെത്തി. ടെസ്റ്റ് മത്സരങ്ങളിൽ താൻ ജഡേജയുടെ ആരാധകനാണെന്ന് മുൻപ് നിലപാടെടുത്തിട്ടുള്ള മഞ്ജരേക്കർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തൻ്റെ ടീം പ്രഖ്യാപിച്ചപ്പോൾ ജഡേജയെ ഒഴിവാക്കിയതും ചർച്ച ആയിരുന്നു. കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെയെക്കെതിരെ മോശമായി സംസാരിച്ചതും അശ്വിൻ ലോകോത്തര ക്രിക്കറ്റർ അല്ലെന്ന് അഭിപ്രായപ്പെട്ടതുമൊക്കെ വിവാദമായി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഐപിഎൽ കമൻ്ററി ബോക്സിൽ നിന്ന് മഞ്ജരേക്കറെ ബിസിസിഐ മാറ്റിനിർത്തിയിരുന്നു.
Story Highlights: Ravindra Jadeja’s inclusion in WTC final backfired India Sanjay Manjrekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here