ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം സെലക്ടർമാരും; മികച്ച പ്രകടനം ടി-20 ലോകകപ്പ് ടീമിലേക്ക് വഴി തുറന്നേക്കും

ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം രണ്ട് സെലക്ടർമാരും പങ്കാവും. സെലക്ഷൻ പാനലിലുള്ള അബി കുരുവിള, ദേബാശിഹ് മൊഹന്തി എന്നിവരാണ് യുവതാരങ്ങളുടെ പ്രകടനം വിലയിരുത്താൻ ശ്രീലങ്കയിലേക്ക് പറക്കുക. പര്യടനത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിച്ചേക്കും. ടി-20 ലോകകപ്പിനുള്ള ടീമിലേക്കും ഇവരെ പരിഗണിക്കാനിടയുണ്ട്.
ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി-20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. 21, 23, 25 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡാണ് ഈ ടീമിനെ പരിശീലിപ്പിക്കുന്നത്.
Story Highlights: Selectors To Accompany Indian Team On Sri Lanka Tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here