ക്ലബ് ഫുട്ബോളിൽ എവേ ഗോൾ നിയമം റദ്ദാക്കി യുവേഫ

ക്ലബ് ഫുട്ബോളിൽ എവേ ഗോൾ നിയമം റദ്ദാക്കി യുവേഫ. അടുത്ത സീസൺ മുതൽ എവേ ഗോൾ നിയമം ഒഴിവാക്കിയാവും മത്സരങ്ങൾ നടക്കുക. വരുന്ന സീസണിലെ യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പുതിയ പരിഷ്കാരം കൊണ്ടുവരും. യുവേഫ തന്നെയാണ് നിർണായകമായ ഈ തീരുമാനം അറിയിച്ചത്.
യുവേഫയുടെ ക്ലബ് കോംപിറ്റീഷൻ കമ്മറ്റി, യുവേഫ വിമൻസ് ഫുട്ബോൾ കമ്മിറ്റി എന്നിവർ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 1965ൽ നിലവിൽ വന്ന എവേ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് യുവേഫ പ്രസിഡൻ്റ് അലക്‌സാണ്ടർ സെഫെറിൻ വ്യക്തമാക്കി. എന്തിനാണോ എവേ ഗോൾ കൊണ്ടുവന്നത് അതിന് നേർ വിപരീതമായ രീതിയിലാണ് അത് ഉപയോഗിക്കുന്നത്. ഹോം ലെഗ് മത്സരങ്ങളിൽ ഗോൾ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാൻ മടി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രീതി ഒഴിവാക്കാനായാണ് എവേ ഗോൾ നിയമം എടുത്തുകളഞ്ഞത്.
രണ്ടു പാദങ്ങളിലായി നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിലെ വിജയികളെ കണ്ടെത്താനാണ് എവേ ഗോൾ നിയമം നടപ്പിലാക്കിയിരുന്നത്. ഇരു പാദങ്ങളിലുമായി ഇരു ടീമുകളും ഒരേ എണ്ണം ഗോളുകൾ അടിച്ചാൽ എവേ ലെഗിൽ കൂടുതൽ ഗോളടിച്ച ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഇതും സമനില ആയെങ്കിൽ മാത്രമേ മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും വഴിമാറുമായിരുന്നുള്ളൂ. എന്നാൽ, പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ രണ്ട് പാദങ്ങളിലെയും സ്കോർ സമനിലയിൽ അവസാനിച്ചാൽ ഇനി മുതൽ മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങും.
Story Highlights: UEFA abolishes away-goals rule in club competitions