Advertisement

ഭർതൃപീഡനം സഹിക്കവയ്യാതെ അന്ന് കിണറിൽ ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞു; ഇന്ന് സിവിൽ പൊലീസ് ഓഫിസർ

June 26, 2021
Google News 1 minute Read
lifestory of kozhikode native noujisha

കേരളത്തിൽ അഞ്ചു വർഷത്തിനിടെയുണ്ടായത് 66 സ്ത്രീധന പീഡന മരണങ്ങളാണെന്നാണ് കണക്ക്. ഇത് പൊലീസിന്റെ ഔദ്യോഗിക കണക്ക് മാത്രമാണ്. എത്രയെത്ര ആത്മഹത്യകൾ ആരുമറിയാതെ മൂടപ്പെട്ടിട്ടുണ്ടാകാം ? മേൽപറഞ്ഞ കണക്കിൽ ഒരുവളാകേണ്ടിയിരുന്ന ഒരു സ്ത്രീയുണ്ട് കോഴിക്കോട്. വർഷങ്ങൾക്ക് മുൻപ് ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് തുനിഞ്ഞ ഒരു സ്ത്രീ…എന്നാൽ ഒരുനിമിഷത്തെ തിരിച്ചറിവിൽ അവൾ ജീവിതത്തിലേക്ക് മടങ്ങിവന്നു…ഇന്നവൾ സിവിൽ പൊലീസ് ഓഫിസർ…അറിയണം നൗജിഷ എന്ന 31 കാരിയുടെ ജീവിതം…കാരണം ജീവിതത്തിലെ ഒരുഘട്ടത്തിൽ ഒറ്റപ്പെട്ട് പോയാൽ, പിന്നെ മുന്നിലുള്ള ഏക വഴിമരണമല്ലെന്ന് നൗജിഷ സ്വന്തം ജീവിതം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തുന്നു…പടപൊരുതി മുന്നോട്ട് പോയാൽ സുന്ദരമായ ജീവിതം മുന്നിലുണ്ടാകാമെന്ന് നമ്മെ പഠിപ്പിക്കുന്നു….

കോഴിക്കോട് പെരുവണ്ണാമുഴി എന്ന ഗ്രാമമാണ് നൗജിഷയുടെ സ്വദേശം. കണക്ക് ബിരുദധാരിയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ നൗജിഷ പെരുവണ്ണാമുഴിയിലെ ഒരു കോളജിലെ അധ്യാപികയായിരുന്നു, വിവാഹത്തിന് ഒരു വർഷം മുൻപ് വരെ.

വിവാഹം

2013 ൽ, വിവാഹം നിശ്ചയിക്കുന്നതിന് മുൻപ് തന്നെ വിവാഹം കഴിഞ്ഞാലും ജോലിക്ക് പോകണമെന്ന് നൗജിഷ ഭാവിവവരനോടും വീട്ടുകാരോടും പറഞ്ഞിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഭർത്താവും ഭർതൃകുടുംബവും നിലപാട് മാറ്റി. നൗജിഷയെ ജോലിക്ക് പോകാൻ സമ്മതിച്ചില്ല. താൻ അതുവരെ കണ്ട ആളുകളേയല്ല ആ വീട്ടിൽ പിന്നീട് നൗജിഷ കണ്ടത്. വീട്ട് ജോലിക്കും പാചകത്തിനുമായുള്ള ഉപകരണം മാത്രമായി ആ വീട്ടിൽ നൗജിഷ. പെട്ടെന്ന് തന്നോട് കാണിച്ച അനിഷ്ടത്തിന്റെ കാരണം എത്രയാലോചിച്ചിട്ടും നൗജിഷയ്ക്ക് മനസിലായില്ല.

കാരണം കണ്ടെത്തി

അങ്ങനെയിരിക്കെ ഒരുദിവസം നൗജിഷ തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് മനസിലാക്കി. ഇക്കാര്യം ചോദ്യം ചെയ്തപ്പോഴെല്ലാം നൗജിഷയ്ക്ക് ശാരീരിക അതിക്രമങ്ങൾ നേരിടേണ്ടി വന്നു. സ്വന്തം മാതാപിതാക്കളോട് ഇക്കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിച്ചുവെങ്കിലും, അവർ വിഷമിക്കുമെന്നോർത്ത് എല്ലാം ഉള്ളിലൊതുക്കി.

2016…

2016ൽ നൗജിഷയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ഐഹാം നസൽ എന്ന കുഞ്ഞോമന തനിക്കും ഭർത്താവിനുമിടയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് അവർ കരുതി. എന്നാൽ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ഉള്ളത് വെറും ഫോൺ വഴിയുള്ള ബന്ധം മാത്രമല്ലെന്ന് മനസിലാക്കിയ നൗജിഷ ആകെ തകർന്നു. അങ്ങനെ ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് മരിക്കാനായി കിണറിനടുത്തേക്ക് വൾ നടന്നു. പെട്ടെന്ന് തന്റെ കുഞ്ഞിനെ കുറിച്ച് നൗജിഷ ഓർത്തു. ഒപ്പം, തന്റെ പഠനത്തിനായി ഉറക്കമുളച്ച് പഠിച്ച രാത്രികളെ കുറിച്ചു…ആ ഒറ്റ നിമിഷത്തിൽ അവളിലെ മരിക്കാനുള്ള ധൈര്യം ചോർന്നു. അവൾ ജീവിതത്തിലേക്ക് തിരികെ നടന്നു. അത് തന്നെയാണ് നൗജിഷയുടെ ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനവും.

ജീവിതത്തിലേക്ക് തിരികെ…

അടുത്ത ദിവസം മകനെയുമെടുത്ത് നൗജിഷ സ്വന്തം വീട്ടിലേക്ക് പോയി. വിവരമറിഞ്ഞ വീട്ടുകാർ നൗജിഷയ്ക്ക് പൂർണ പിന്തുണ നൽകി. വിവാഹ മോചനം നേടാൻ ഉൾപ്പെടെ നൗജിഷയുടെ മൂത്ത സഹോദരി ഒപ്പം നിന്നു.

തനിക്കുണ്ടായ ദുരനുഭവത്തിൽ തളർന്ന് നാല് ചുവരിനകത്തേക്ക് ഒതുങ്ങിക്കൂടാൻ നൗജിഷ തയാറായിരുന്നില്ല. തന്റെ അധ്യയന ജീവിതം നൗജിഷ വീണ്ടും തുടങ്ങി. രാവിലെ വീടിന് സമീപത്തുള്ള പാരലൽ കോളജിൽ പഠിപ്പിച്ചും, വൈകീട്ട് കെപിഎസ്‌സി കോച്ചിംഗ് ക്ലാസിലും പോയി നൗജിഷ ജീവിതത്തോട് പടവെട്ടി. കുഞ്ഞിനെ നോക്കുന്നതും, ഡിവോഴ്‌സ് നടപടികളുമായി തിരക്കിലായ നൗജിഷ പാരലൽ കോളജിലെ ജോലി ഉപേക്ഷിച്ച് കോച്ചിംഗ് ക്ലാസിനായി ശ്രദ്ധ കേന്ജ്രീകരിച്ചു.

വീണ്ടും തോൽവി…

2018ലായിരുന്നു നൗജിഷയുടെ ആദ്യ കെപിഎസ്‌സി പരീക്ഷ. എഴുത്ത് പരീക്ഷ വിജയിച്ചുവെങ്കിലും ഫിസിക്കൽ പരീക്ഷയിൽ തോൽവി അറിഞ്ഞു. പക്ഷേ അവിടം കൊണ്ട് പോരാട്ടം മതിയാക്കിയില്ല. വീണ്ടും പരിശ്രമിച്ചു. 2020ൽ വീണ്ടും പരീക്ഷയെഴുതി വിജയിച്ചു. വുമൻ സിവിൽ പൊലീസ് ഓഫിസേഴ്‌സിന്റെ സംസ്ഥാന ലിസ്റ്റിൽ 141 -ാം റാങ്കാണ് നൗജിഷ കരസ്ഥമാക്കിയത്. 2021 ഏപ്രിൽ 15ന് സ്വന്തം നാട്ടിൽ തന്നെ ട്രെയ്‌നിയായി ജോലിക്ക് കയറി.

അന്ന് പരാതിക്കാരി, ഇന്ന് പൊലീസ് ഉദ്യോഗസ്ഥ

നിയമന ഉത്തരവ് ലഭിച്ച അന്ന് നൗജിഷ കുറേ കരഞ്ഞു. സങ്കടത്തിന്റെ കണ്ണീരല്ല, സന്തോഷത്തിന്റെ… കാരണം വർഷങ്ങൾക്ക് മുൻപ് ഭർത്താവ് സമ്മാനിച്ച ശാരീരിക പീഡനത്തിൽ നിന്ന് ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുമ്പോൾ നൗജിഷയുടെ മനസിൽ ഭയം മാത്രമായിരുന്നു. ഇന്ന് അതേ സ്‌റ്റേഷനിൽ ജീവനക്കാരിയായി സേവനം അനുഷ്ഠിക്കുമ്പോൾ ഉള്ളിൽ അഭിമാനമാണ്.

തന്നെ പോലെ നിരവധി സ്ത്രീകളുണ്ടെന്നും, സഹായമാവശ്യമുള്ളവർ പൊലീസിന്റെ മിത്ര ഹെൽപ്ലൈനായ 181 ൽ വിളിക്കണമെന്നു നൗജിഷ പറയുന്നു. സഹനത്തിന്റെ പര്യായമായി മാറാതെ ശബ്ദമുയർത്തി തങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിക്കണമെന്ന് നൗജിഷ പറയുന്നു…

Story Highlights: lifestory of kozhikode native noujisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here