ചരിത്രാതീതകാലം മുതലെ മനുഷ്യനെ വിസ്മയിപ്പിക്കുന്ന പ്രകൃതിയുടെ അസാധാരണ കരവിരുത്; വജ്രത്തിന്റെ കഥ

..

ഷംസുദ്ധീന്‍ അല്ലിപ്പാറ
റിസർച്ച് അസോസിയേറ്റ്, 24
കാലമെത്ര കഴിഞ്ഞാലും മൂല്യം ചോരാത്ത, തിളക്കം മാഞ്ഞുപോകാത്ത, ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ അനശ്വരമാക്കുന്ന അത്യപൂർവസമ്മാനം.
വിശ്വാസലോകത്ത് വജ്രത്തെക്കുറിച്ച് പലതാണ് പരികൽപ്പനങ്ങൾ. ആകാശത്തുനിന്ന് ഭൂമിയിലേക്ക് അടന്നുവീണ നക്ഷത്രകഷണങ്ങളെന്ന് ഗ്രീക്കുകാരും മഴയുടേയും ഇടിമിന്നലിന്റെയും ദേവനായ ഇന്ദ്രന്റെ ദൈവീകായുധമായി ഭാരതീയ പാരമ്പര്യവും വജ്രത്തെ കണക്കാക്കിപോരുന്നു. പുറത്ത് എവിടെനിന്നോയാണ് ഭൂമിലേക്ക് വജ്രങ്ങളെത്തിയതെന്ന ചിന്തയും വിശ്വാസലോകത്ത് പരക്കെ പ്രചാരമുണ്ട്. എന്നാൽ മുന്നൂറുകോടി വർഷങ്ങൾക്ക് മുമ്പേ, ദിനോസറുകൾ ലോകം വാണതിനും കാലങ്ങൾക്ക് മുമ്പേ, ഭൂമിക്കടിയിൽ നിക്ഷിപ്തമായ കാർബണുകളാണ് ഭൂമിക്കറയിലെ കൊടും ചൂടും സമ്മർദ്ദവും കാരണം തിളങ്ങുന്ന വജ്രങ്ങളായി മാറുന്നതെന്നാണ് ശാസ്ത്രത്തിൻറെ കണ്ടെത്തൽ. ഭൂമിയിലെ ഏറ്റവും കട്ടിയേറിയതും തകർക്കാൻ ഏറെക്കുറെ അസാധ്യവുമായ ഈ അൽഭുതതിളക്കം, അഗ്‌നിപർവ്വത സ്‌ഫോടനത്തിലൂടെയോ, ഭൂഗർഭ ഉറവകളിലൂടെയോയാണ് അസാധാരണമായമെങ്കിലും ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്നത്.
ഭൂമിയിൽ മനുഷ്യനിർമിതമായ ഏറ്റവും ആഴത്തിലുള്ള കുഴികളെല്ലാം വജ്രഖനികൾക്കു വേണ്ടി നിർമിച്ചതാണ്. ഇന്ത്യയാണ് വജ്രഖനനത്തിൻറെ ജന്മനാട്. ക്രിസ്തുവിനും 400 വർഷങ്ങൾ മുമ്പ്, ബിസി നാലാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ വജ്ര ഖനനം ആരംഭിച്ചിട്ടുണ്ടെന്നാണ് ചരിത്രം. ലോകപ്രസിദ്ധമായ കോഹിനൂർ രത്‌നത്തിൽ തുടങ്ങി ഹോപ് ഡയമണ്ട്, ദരിയ-ഇ-നൂർ, ഡ്രെസ്ഡൻ ഗ്രീൻ, ഗ്രെസ്ഡൻ ഗ്രീൻ, മൂൺ ഓഫ് ബറോഡ, ഫ്‌ളോറന്റീൻ ഡയമണ്ട്, . കാലപഴക്കം കൊണ്ടും തെളിമ ചോരാത്ത വജ്രങ്ങളിൽ മിക്കതും ഇന്ത്യയിൽ തന്നെയാണ് ഖനനം ചെയ്തത്. ആന്ധ്ര പ്രദേശിലെ കൊല്ലൂർ ഖനിയിൽനിന്ന് കണ്ടെടുത്ത കോഹിനൂർ വജ്രത്തിന് 5000 ത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. ചരിത്രരേഖകൾപ്രകാരം കാകാത്തിയ രാജവംശമാണ് കോഹിനൂർ രത്‌നത്തിൻറെ ആദ്യത്തെ രാജകീയ ഉടമകൾ. അലാവുദ്ദീൻ ഖിൽജി, കാകാത്തിയ ആക്രമിച്ച് കീഴ്‌പ്പെടുത്തിയോടെ കോഹിനൂർ രത്‌നം ഡൽഹിയിലേക്ക് എത്തി. ഖിൽജി സാമ്രാജ്യത്തെ കീഴ്‌പ്പെടുത്തി മുഗളന്മാർ ഡൽഹിയിലെത്തിയതോടെ കോഹിനൂർ മുഗൾ രാജകൊട്ടാരത്തിലെ അലങ്കാരമായി.

1729 ൽ പേർഷ്യൻ രാജാവായിരുന്ന നാദിർഷ ഇന്ത്യ ആക്രമിച്ച് മയൂരസിംഹാസനം അടക്കമുള്ള വിലപിടിപ്പുള്ള പലതും കൊണ്ടുപോയപ്പോൾ അതിൽ കോഹിനൂർ രത്‌നവുമുണ്ടായിരുന്നു. പ്രഭാപർവ്വതം എന്നർഥം വരുന്ന കോഹിനൂർ എന്ന പേര് നൽകിയത് നാദിർഷയാണ്. ചരിത്രത്തിൻറെ മറ്റൊരു ഘട്ടത്തിൽ പേർഷ്യയിൽനിന്ന് അഫ്ഗാനിസ്ഥാനത്തിയ കോഹിനൂർ പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ തന്നെ തിരിച്ചെത്തി. ഇത്തവണ സിഖ് സ്രാമാജ്യമാണ് രത്‌നത്തിൻറെ അധിപരായത്. 1849 ൽ സിഖ് സ്രാമാജ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ കീഴടങ്ങിയതോടെ കോഹിനൂർ ലണ്ടനിലേക്ക് കടൽ കടന്നു. ഇന്നും ബ്രിട്ടീഷ് രാജകിരീടത്തിൻറെ ശോഭയായി കോഹിനൂർ വെട്ടിതിളങ്ങുന്നുണ്ട്.
കള്ളിനനാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. ഭൂമിക്കടിയിൽ അഞ്ഞൂറോളം കിലോമീറ്റർ താഴെയാണ് കള്ളിനൻ രൂപപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വിവിധ ഭൂചലനങ്ങളുടെ ഫലമായി 118 കോടി വർഷം മുൻപ് ഭൂമിയുടെ ഉപരിതലത്തിലേക്കെത്തിയ കള്ളിനനെ 1905 ൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ ഖനിയിൽ നിന്നാണ് കുഴിച്ചെടുത്തത്. വജ്രങ്ങളുടെ ചക്രവർത്തിയെന്ന് പെരുമയുള്ള കള്ളിനന് ആ പേര് കിട്ടിയത് വജ്രം കണ്ടെടുത്ത ഖനിയുടെ സ്ഥാപകൻ തോമസ് കള്ളിനൻറെ പേരിൽനിന്നാണ്. ദക്ഷിണാഫ്രിക്കയും അന്നത്തെ ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ സ്വാഭാവികമായും കള്ളിനനും ലണ്ടനിലെത്തി. ഒൻപത് കക്ഷണങ്ങളായി മുറിച്ചെടുത്ത കള്ളിനൻറെ ഏറ്റവും വലിയ രണ്ടാമത്തെ കഷണവും ബ്രിട്ടിഷ് രാജകിരീടിൽ അലങ്കാരശോഭയായി തിളങ്ങുന്നുണ്ട്.

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ വജ്രമാണ് കഴിഞ്ഞയാഴ്ച്ച ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ ബോട്‌സ്വാനയിൽ കണ്ടെത്തിയത്. ബോട്‌സ്വാന സർക്കാരിൻറെയും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രസിദ്ധ ഡയമണ്ട് കമ്പനിയായ ഉല ആലലൃ െൻറെയും സംയുക്ത ഉടമസ്ഥതയുള്ള ജ്വാനെങ് ഖനിയിൽനിന്നാണ് 1,098 കാരറ്റ് ഭാരമുള്ള വജ്രം കുഴിച്ചെടുത്തത്. ആഫ്രിക്കയിലെ പ്രധാന വജ്ര ഉൽപാദക രാജ്യമായ ബോട്‌സ്വാനയിൽനിന്ന് തന്നെയാണ് ലോകത്തെ രണ്ടാമത്തെ വലിയ വജ്രവും കണ്ടെത്തിയത്. 2015 ൽ കുഴിച്ചെടുത്ത ലെസേഡി ലാ റോണ വജ്രത്തിന് 1,109 കാരറ്റ് ഭാരമാണുണ്ടായിരുന്നത്. 400 കോടി രൂപയ്ക്കാണ് 2017 ൽ ലെസേഡി ലാ റോണ വിറ്റുപോയത്.
ദക്ഷിണാഫ്രിക്കയും നമീബിയയും സാംബിയയും സിംബാബ്‌വേയുമായി അതിര് പങ്കിടുന്ന ആനകളുടെ സ്വന്തം നാടെന്ന് വിളിപേരുള്ള ബോട്‌സ്വാന. വികസനക്കുതിപ്പിൽ ലോകഭൂപടത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണിന്ന് ബോട്‌സ്വാന. ചരിത്രത്തിൻറെ ഒരുഘട്ടത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ എയഡ്‌സ് രോഗികളുണ്ടായിരുന്ന ബോട്‌സ്വാനയുടെ അതിശയകരമായ മാറ്റത്തിൽ രാജ്യത്തെ ജനാധിപത്യ-രാഷ്ട്രീയ സ്ഥിരതയ്ക്കും പ്രകൃതി അറിഞ്ഞുനൽകിയ വജ്രനിധികൾക്കും വലിയ പങ്കുണ്ട്. വജ്രവരുമാനം സാമൂഹികവികാസത്തിലേക്ക് ഫലപ്രദമായി വഴിമാറ്റിയാണ് ബോട്‌സ്വാന ലോകഭൂപടത്തിൽ തങ്ങളുടെ ഇടം തെളിച്ചമുള്ളതാക്കിയത്.
എന്നാൽ വജ്രനിധികളാൽ സമ്പന്നമായ ആഫ്രിക്കയിലെ, സിയറ ലിയോൺ, ലൈബീരിയ, അംഗോള, കോംഗോ, ഐവറി കോസ്റ്റ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് അടക്കമുള്ള രാജ്യങ്ങളിൽ ഇതല്ല സ്ഥിതി. വജ്രഖനനത്തെചൊല്ലി ആഭ്യന്തരപ്പോരാട്ടങ്ങളും യുദ്ധങ്ങളും ഏറെകണ്ട ഈ നാടുകളിൽ സ്തീകളെയും കുട്ടികളെയും വരെ അടിമവേല ചെയ്യിപ്പിച്ച് നിരവധി അനധികൃത ഖനനങ്ങൾ തുടരുന്നുണ്ട്. ഭീകര സംഘടനകൾക്കും, സൈനിക ഗ്രൂപ്പുകൾക്കും, പട്ടാള ഭരണാധികാരികൾക്കുമൊക്കെ ആയുധങ്ങളും, വെടിക്കോപ്പുകളും വാങ്ങാനുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഈ അനധികൃത വജ്ര ഖനനം. വിലകുറഞ്ഞു ലഭിക്കുന്നതിനാൽ ഈ വജ്രവിപണിയ്ക്ക് പിന്നിൽ അനേകായിരം ഡോളറുകൾ ദിനംപ്രതി മിന്നിമറിയുന്നുണ്ട്.
കയറ്റുമതി വരുമാനത്തിൻറെ മുന്നിലൊന്ന് വജ്രക്കച്ചവടത്തിലൂടെ തികയ്ക്കുന്ന ഇസ്രായേൽ അടക്കമുള്ള വമ്പന്മാർ ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലഡ് ഡയമണ്ട് അഥവാ രക്ത രത്‌നം എന്നറിയപ്പെടുന്ന ഈ അനധികൃത വജ്രവിപണി ലോക വജ്രശേഖലണത്തിൻറെ 25 ശതമാനം വരുമെന്നാണ് കണക്ക്. ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡികാപ്രിയോയുടെ തകർപ്പനഭിനയം കൊണ്ട് ലോകശ്രദ്ധ നേടിയ 2006 ചിത്രം, ബ്ലഡ് ഡയമണ്ട് വരച്ചുകാണിക്കാൻ ശ്രമിച്ചതും ഇതേ അനധികൃത വജ്രവിപണിയുടെ ഉള്ളറകളാണ്.

കൊവിഡിനെയും തൃണവൽഗണിച്ച് ദക്ഷിണാഫ്രിക്കൻ ഗ്രാമമായ ക്വാഹ്ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടപ്രവാഹം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലോകമാധ്യമങ്ങളിൽ നിറഞ്ഞ കൗതുക കാഴ്ച്ചയാണിത്.
പിക്കാസുകളും മൺവെട്ടിയുമായി എത്തുന്ന വലിയ ആൾക്കൂട്ടം ഗ്രാമത്തിലെ വരണ്ട മണ്ണിൽ പതിനായിരക്കണക്കിനു കുഴികളെടുക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നു തന്നെ. വജ്രം കുഴിച്ചെടുക്കുക. ഏതാനും ദിവസങ്ങൾക്ക് ഭൂമി കുഴിച്ച ആട്ടിടയന് തിളക്കമുള്ള വസ്തു ലഭിച്ചതോടെയാണ് ഭാഗ്യാന്വേഷികളുടെ പറുദീസയായി ക്വാഹ്‌ലാതി മാറിയത്. കള്ളിനൻ, സ്റ്റാർ ഓഫ് സൗത്ത് ആഫ്രിക്ക, ഡി ബീയേഴ്‌സ്, എക്‌സൽസിയർ, ഗോൾഡൻ ജൂബിലി, പ്രിമീയർ റോസ്… വിശ്വപ്രസിദ്ധ വജ്രങ്ങൾ പലതും കണ്ടെടുത്തത് ആഫ്രിക്കയുടെ തെക്കേയറ്റത്തുള്ള ഈ ഭൂമിയിൽ നിന്നായത് കൊണ്ട് സ്വാഭാവികമായിരുന്നു ആൾക്കൂട്ടത്തിൻറെ ആ പ്രതീക്ഷ.
എന്നാൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്‌മെന്റ് ഓഫ് മിനറൽ റിസോഴ്‌സസ് ആൻഡ് എനർജിയുടെ പരിശോധനാറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ക്വാഹ്‌ലാതിയിൽ കുഴിച്ചെടുത്തത് വജ്രമല്ല, വെറും വെള്ളാരൻകല്ലുകൾ.
Story Highlights: the story of diamond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here