Advertisement

കൊവിഡ് ധനസഹായം; സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; കെ സുധാകരന്‍

July 1, 2021
Google News 0 minutes Read

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കുള്ള ധനസഹായത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. കൊവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടത്. ഐ.സി.എം.ആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കൊവിഡ് മരണം രേഖപ്പെടുത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യസംഘടനയോ നിര്‍ദേശിക്കുന്നില്ല.

കൊവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂ. ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദൃതഗതിയിലുള്ള നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 28ന് സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 13,658 ആയി കുതിച്ചുയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ചുള്ള തീക്കളിയാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും സര്‍ക്കാരിന് കുലുക്കമില്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here