ആലുവയിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റ സംഭവം : പൊലീസ് കേസെടുത്തു

ആലുവയിൽ ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർത്താവ് ജൗഹർ മാതാവ് സുബൈദ എന്നിവർക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തത്. ഗാർഹിക പീഡനം, ക്രൂരമായ മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലങ്ങാട് സി ഐ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ക്രൂരപീഡനത്തിന്റെ വാർത്ത പുറത്ത് വരുന്നത്. ഏഴ് മാസം മുൻപായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നൽകിയത്. ഇതിൽ രണ്ട് ലക്ഷം രൂപ സ്വർണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നൽകിയത്.
ഈ പണം ഉപയോഗിച്ച് ജൗഹർ വീടുവാങ്ങി. മാസങ്ങൾ കഴിഞ്ഞതോടെ ഇയാൾ വീട് വിൽക്കാൻ ശ്രമം നടത്തി. ഇക്കാര്യം നൗലത്ത് പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാൻ സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വിൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ പണം നൽകണമെന്നുമായിരുന്നു ജൗഹർ ആവശ്യപ്പെട്ടത്. എന്നാൽ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനം.
പിതാവിനെ മർദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹർ മർദിച്ചു. അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: police takes case against aluva man who attacked pregnant wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here