Advertisement

അലക്‌സ എന്ന പേരുള്ള കുട്ടികൾ സഹപാഠികളുടെ കളിയാക്കലിന് ഇരയാവുന്നു; ആമസോൺ അലക്സയ്‌ക്കെതിരെ രക്ഷകർത്താക്കൾ

July 4, 2021
Google News 1 minute Read

ആമസോണിനെതിരെ പരാതിയുമായി ‘അലക്‌സ’ എന്ന പേരിട്ട പെൺകുട്ടികളുടെ രക്ഷിതാക്കൾ. ആമസോൺ അസ്സിസ്റ്റന്റിന് ഇതേ പേര് ഉപയോഗിക്കുന്നത് തങ്ങളുടെ പെൺമക്കൾക്ക് ഉപദ്രവമാകുന്നു എന്നാണ് രക്ഷകർത്താക്കൾ ഉന്നയിച്ച ആരോപണം. അലക്‌സ എന്ന പേര് കാരണം തമാശകൾക്കും കളിയാക്കലുകൾക്കും ഇരയാകേണ്ടി വന്ന കുട്ടികളുടെ രക്ഷകർത്താക്കൾ കുട്ടികളുടെ പേര് പോലും മാറ്റാൻ നിർബന്ധിതരായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആമസോൺ വെർച്വൽ അസിസ്റ്റന്റിന് അലക്സ എന്ന നാമമാണ് കമാൻഡിങ് പദമായി ഉപയോ​ഗിക്കുന്നത്. ഇത് പറഞ്ഞാൽ മാത്രമേ ഉപകരണം പ്രവർത്തിക്കുകയുള്ളൂ. അലക്സ എന്ന പേര് മാറ്റി മനുഷ്യർ ഉപയോ​ഗിക്കാത്ത ഏതെങ്കിലും കമാൻഡിങ് പദം ഉപയോ​ഗിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

അലക്​സ എന്ന പേരുള്ള നിരവധി പെൺകുട്ടികളെ സഹപാഠികൾ ഉൾപ്പെടെ കളിയാക്കുന്നുവെന്നാണ് പരാതി. പേര്​ വിളിച്ചശേഷം ഓരോ നിർദേശങ്ങൾ നൽകി പരിഹസിക്കുമെന്ന്​ കുട്ടികൾ പറയുന്നു. കളിയാക്കലുകൾ സഹിക്കാൻ വയ്യാതെ സ്കൂൾ മാറ്റുന്നതിനെപ്പറ്റി പോലും ചിന്തിച്ചതായാണ് ചിലർ പറയുന്നത്. കുട്ടികളുടെ പേര് മാറ്റാൻ സാധിക്കാത്തതിനാൽ ആമസോൺ വോയിസ് അസ്സിസ്റ്റന്റിന്റെ പേര് മാറ്റണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.

നിരവധി വീടുകളിൽ വോയ്‌സ് ആക്റ്റിവേറ്റഡ് സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനാൽ അടുത്ത കാലത്തായി അലക്സ എന്ന പദം വ്യാപകമായി മാറി. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട് ഉപകരണങ്ങളിലും നിർദ്ദേശങ്ങൾ നൽകുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ മുമ്പ് അലക്സ എന്ന കമാൻഡിങ് പദം ഉപയോഗിക്കുന്നു.

അലക്സ എന്ന് പേരുള്ള തന്റെ മകളെ സ്കൂളിലെ സഹപാഠികളും അധ്യാപകരും വരെ ഇത്തരത്തിൽ കളിയാക്കുന്നതായി ഹെതർ എന്ന അമ്മ പരാതിപ്പെടുന്നു. അവൾ സെക്കൻഡറി ക്ലാസിൽ എത്തിയതിനു ശേഷമാണ് പ്രശ്നം രൂക്ഷമായത്. ഇതു കാരണം തന്നെ സ്വയം പരിചയപ്പെടുത്താൻ തന്നെ അവൾ മടിച്ചിരുന്നു. ഇത്തരത്തിലുള്ള തമാശകൾ തന്റെ മകളുടെ മാനസിക ആരോ​ഗ്യത്തെ ബാധിച്ചതായും ഹെതർ പറഞ്ഞു.

ഇത്തരത്തിലുള്ള തമാശകൾ രൂക്ഷമായതോടെ അലക്സയുടെ പേര് ഔദ്യോ​ഗികമായി പേര് മാറ്റുകയായിരുന്നു. പിന്നീട് അവളെ പുതിയ സ്കൂളിൽ ചേർക്കുകയായിരുന്നു. തങ്ങളുടെ വെർച്വൽ അസിസ്റ്റൻസ് ഡിവൈസിൻ കമാൻഡിങ് പദമായി അലക്സ എന്ന പേര് ഉപയോ​ഗിച്ചപ്പോൾ ആമസോൺ ആവശ്യമായ ​ഗവേഷണം നടത്തിയിട്ടില്ല. ഈ പ്രശ്നം തങ്ങൾക്ക് മാത്രമല്ല ഇതേ പേരുള്ള നിരവധിയാളുകൾ അനുഭവിക്കുന്നതായും ഹെതർ പറയുന്നു.

അലക്സ എന്ന 25 വയസ്സിന് താഴെ പ്രായമുള്ള 4000അധികം ആളുകൾ ബ്രിട്ടണിൽ ഉണ്ടെന്നാണ് കണക്കുകൾ. സമാനമായ അനുഭവങ്ങളാണ് അലക്സ എന്ന് പേരിട്ട കുട്ടികളുള്ള രക്ഷിതാക്കൾക്കെല്ലാം പറയാനുള്ളത്.

2014ൽ ആമസോൺ അലക്സ പുറത്തിറക്കിയത് മുതൽ മിക്ക സ്ഥലങ്ങളിലും ഇത്തരം പരാതികൾ ഉയരുന്നുണ്ട്. അമേരിക്കയിലെ മസാച്യൂസറ്റ്സിലെ ലോറൻ ജോൺസൺ എന്ന അമ്മ ‘അലക്സ ഈസ് എ ഹ്യൂമൻ’ എന്ന ക്യാംപയിൻ തന്നെ ഇതിനെതിരെ ആരംഭിച്ചിരുന്നു.

2016ലാണ് ആമസോൺ അലക്സ ഡിവൈസുകൾ ബ്രിട്ടണിലെ വിപണിയിൽ എത്തുന്നത്. ഇതിനു ശേഷം അലക്സ എന്ന പേരിന്റെ ജനപ്രിയതയും കുത്തനെ കുറഞ്ഞിട്ടുണ്ട്. 2016ൽ അലക്സ ജനപ്രിയമായ പേരുകളിൽ 167ാം സ്ഥാനത്തായിരുന്നു എങ്കിൽ 2019ൽ ഇത് 920ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അലക്സ എന്നതിന് പകരം എക്കോ, കമ്പ്യൂട്ടർ, ആമസോൺ എന്നിവയും കമാൻഡിങ് പദങ്ങളായി ഉപയോ​ഗിക്കാമെന്ന് ആമസോൺ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ വില കൽപ്പിക്കുന്നുണ്ടെന്നും അലക്സ ഇക്കാര്യത്തിൽ കൂടുതൽ കമാൻഡിന് പദങ്ങൾ കൊണ്ടു വരുമെന്നും ആമസോൺ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here