Advertisement

എതിരാളികളെ മുട്ടുകുത്തിക്കാൻ ആമസോണിൻ്റെ പുതിയ തന്ത്രം; ഡെലിവറി ഡ്രൈവർമാർക്കായി വികസിപ്പിക്കുന്നത് സ്മാർട് കണ്ണട

November 11, 2024
Google News 2 minutes Read
amazon

ഡെലിവറി സമയം കുറയ്ക്കുന്നതിന് ഡ്രൈവർമാരെ സഹായിക്കാൻ ആമസോൺ പ്രത്യേക സ്മാർട് കണ്ണട നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. അമേലിയ എന്ന കോഡ് നാമമാണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്നത്. ഡെലിവറി റൂട്ട് ഡ്രൈവർമാർക്ക് വേഗത്തിൽ മനസിലാക്കാൻ സഹായിക്കുന്ന വിധം സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനാണ് കണ്ണട.

ഡ്രൈവർമാർക്ക് ഈ കണ്ണട ഉപയോഗിച്ചാൽ പോകേണ്ട വഴി കണ്ണടയിലെ ചെറിയ എംബെഡഡ് സ്ക്രീനിൽ കാണാനാവും. പോകേണ്ട ഓരോ സ്ഥലത്തേക്കും കൃത്യമായ വഴി ഈ സ്ക്രീനിലൂടെ കാണാനും വാഹനം വേഗത്തിൽ ചലിപ്പിക്കാനും ഡ്രൈവർമാരെ പ്രാപ്തരാക്കുന്നതാണ് കണ്ണട.

ഈ കണ്ണട ഉപയോഗിക്കുന്ന ഡ്രൈവർ പാർട്ണർമാർക്ക് സാധനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും വലിയ ജിപിഎസ് ഡിവൈസുകൾ കൈയ്യിൽ കരുതുന്നത് ഒഴിവാക്കാനും സാധിക്കും. പ്രതിദിനം ദശലക്ഷക്കണക്കിന് ഓർഡറുകൾ ഡെലിവറി ചെയ്യുന്ന ആമസോൺ ഓരോ ഡെലിവറിയിലും കണ്ണട വച്ച് ലാഭിക്കാവുന്ന സെക്കൻ്റുകൾ കൊണ്ട് വലിയ നേട്ടമാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഓരോ ഡെലിവറിക്കും ചെലവാകുന്ന പണം കുറയ്ക്കാനും ലാഭസാധ്യത ഉയർത്താനും വാൾമാർട്ട് പോലുള്ള എതിരാളികളെ പിന്നിലാക്കാനും സാധിക്കുമെന്ന് ആമസോൺ കണക്കുകൂട്ടുന്നു. ഈയിടെ ഹോളിഡേ സമയത്ത് ഡെലിവറിക്ക് തയ്യാറാവുന്ന ഡ്രൈവർമാർക്ക് പ്രത്യേക ഇൻസൻ്റീവ് വാൾമാർട്ട് പ്രഖ്യാപിച്ചതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് സ്മാർട്ട് കണ്ണട കൊണ്ടുവരുന്നത്.

എന്നാൽ ആമസോൺ ഈ പദ്ധതി ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. കണ്ണടയിലെ ഗ്ലാസുകളുടെ പെർഫോമൻസും കണ്ണട നിർമ്മിക്കാനുള്ള ചെലവും നോക്കിയ ശേഷമായിരിക്കും കമ്പനി ഈ പദ്ധതിയുമായി മുന്നോട്ട് പോവുക. ഏറെക്കാലമായി ഓൺലൈൻ ഡെലിവറി ബിസിനസ് നടത്തുന്ന ആമസോണിന് സ്വന്തമായി എയർലൈനും വലിയ ട്രക്കുകളും വെയർഹൗസുകളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ സ്വന്തമായുണ്ട്. കമ്പനിയുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ ഷിപ്പിങ് ചെലവ് 8 ശതമാനം ഉയർന്ന് 23.5 ബില്യൺ ഡോളറിൽ എത്തിയിരുന്നു.

Story Highlights : Amazon is developing smart glasses, codenamed “Amelia,” to streamline delivery routes and boost driver efficiency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here