ഓസ്ട്രേലിയൻ പ്രതിരോധ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്

വരുന്ന സീസണു മുന്നോടിയായി വിദേശ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയൻ സെൻ്റർ ബാക്ക് ഡിലൻ മക്ഗോവനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഐഎസ്എൽ അപ്ഡേറ്റുകൾ പിന്തുടരുന്ന മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശ താരങ്ങളിൽ ഒരാൾ എഎഫ്സി അംഗരാജ്യത്തുനിന്നുള്ള ആളാവണം എന്നത് ഐഎസ്എലിൻ്റെ നിയമമാണ്. അതുകൊണ്ട് തന്നെ ടീമുകളിൽ പലരും ഓസീസ് താരങ്ങളെയാണ് നോട്ടമിടുന്നത്. അതിനാൽ, ഓസീസ് താരം മക്ഗോവൻ ക്ലബിലെത്തുമെന്നാണ് സൂചന. 29കാരനായ താരം നിലവിൽ എ ലീഗ് ക്ലബ് വെസ്റ്റേൺ സിഡ്നി വാൻഡറേഴ്സിന്റെ താരമാണ്. സ്കോട്ലൻഡ്, പോർച്ചുഗൽ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ മക്ഗോവൻ കളിച്ചിട്ടുണ്ട്.
അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് പരിശീലിപ്പിക്കും. ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് വുകുമാനോവിച്ച് തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. 20-14 സീസണുകളിലായിരുന്നു ഇത്. 2017ൽ സ്ലൊവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ പരിശീലകനായ അദ്ദേഹം സ്ലോവൻ ബ്രാറ്റിസ്ലാവയെ സൂപ്പർ കപ്പ് ചാമ്പ്യന്മാരാക്കി. സൈപ്രിയറ്റ് ഒന്നാം ഡിവിഷൻ ക്ലബ്ബായ അപോലൻ ലിമസോളിനെയാണ് അദ്ദേഹം അവസാനം പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച് മികച്ച പ്ലേമേക്കർ എന്ന ഖ്യാതി നേടിയ ഫക്കുണ്ടോ പെരേര വുകുമാനോവിച്ചിന് കീഴിൽ അപോലൻ ലിമസോളിൽ കളിച്ചിട്ടുണ്ട്.
Story Highlights: Kerala Blasters are in talks with Australian centre back Dylan McGowan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here