Advertisement

‘അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടരണമോ?’; ജോസ്.കെ.മാണി മടങ്ങിവരണമെന്ന് എം.പി ജോസഫ്

July 6, 2021
Google News 2 minutes Read

ജോസ്.കെ.മാണി യുഡിഎഫിലേയ്ക്ക് മടങ്ങിവരണമെന്ന് കേരളാ കോൺഗ്രസ് നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ്. സി.പി.ഐ.എം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും കെ.എം മാണിയെയും അപമാനിക്കുകയാണെന്നും എം. പി ജോസഫ് പറഞ്ഞു. ഫേസ്ബുക്കിലാണ് ജോസ്.കെ.മാണിയുടെ സഹോദരീ ഭർത്താവ് കൂടിയായ എം.പി ജോസഫിന്റെ പ്രതികരണം.

ജോസ് കെ.മാണിയെ വളരാൻ സി.പി.ഐ.എം അനുവദിക്കില്ലെന്നും ജോസ്.കെ.മാണിയെ എൽഡിഎഫ് പിന്നിൽ നിന്ന് കുത്തിയെന്നും എം.പി ജോസഫ് ആരോപിച്ചു. കെ. എം മാണിയെ വേട്ടയാടുന്ന ഇടതു മുന്നണിയുടെ കെണിയിൽ നിന്ന് ജോസ്.കെ.മാണി പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണമെന്നും എം. പി ജോസഫ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞതോടു കൂടി സിപിഐമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.

കേരള കോൺഗ്രസ് പ്രവർത്തകരും യുഡിഫിലെ ഓരോ പ്രവർത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങൾ നൽകി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സിപിഐഎം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് കെ.എം മണിയോടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളിൽ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തിൽ, പ്രത്യേകിച്ച് കോട്ടയത്ത് വളരാൻ സിപിഐഎം സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായിൽ നിർത്തി അവർ പിന്നിൽ നിന്ന് കുത്തി.

ആയതിനാൽ ശ്രീ ജോസ്.കെ.മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മൺമറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയുടെ കെണിയിൽ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം .
എന്ന് സ്‌നേഹത്തോടെ,

എം.പി ജോസഫ് IAS (മുൻ)
കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം

Story Highlights: Jose k mani, p M P Joseph, Kerala congress (M), CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here