Advertisement

ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

July 7, 2021
Google News 1 minute Read

തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് കണ്ണവം പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ സത്താര്‍ ഹര്‍ജി നല്‍കിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍.

സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങള്‍, ഫോണ്‍ സംഭാഷണത്തിന്റെ പെന്‍ഡ്രൈവ് എന്നിവ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസില്‍ സിബിഐ പ്രത്യേക സംഘം തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

നേരത്തെ സിബിഐ കോടതിയില്‍ അബ്ദുള്‍ സത്താര്‍ സമാന ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അയച്ച കത്തുകളും സിബിഐ പരിഗണിച്ചിരുന്നില്ല

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

Story Highlights: Fazal Muder case Case, CBI, High court kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here