Advertisement

ജയവർധനെ ശ്രീലങ്ക അണ്ടർ-19 ടീം ഉപദേശകനായേക്കും

July 7, 2021
Google News 2 minutes Read
Jayawardene consultant Sri Lanka

ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ ദേശീയ അണ്ടർ-19 ടീം ഉപദേശകനായേക്കുമെന്ന് റിപ്പോർട്ട്. താരത്തിനും ഈ ദൗത്യം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും ഈ വർഷം ഒക്ടോബർ മുതൽ ജയവർധനെ കൗമാര ടീമിൻ്റെ ഉപദേശകനാവും എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രാഹുൽ ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ അണ്ടർ-19, ആഭ്യന്തര പൂൾ കരുത്താർജിച്ചതിൻ്റെ ഉദാഹരണം മുന്നിലിരിക്കെയാണ് സമാന ചിന്തയുമായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി മികച്ച താരങ്ങളെയൊന്നും ഉത്പാദിപ്പിക്കാൻ കഴിയാത്ത ശ്രീലങ്കൻ ക്രിക്കറ്റ് നിലവിൽ തകർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കുക എന്നതാവും ആത്യന്തികമായി ജയവർധനെയുടെ ദൗത്യം.

അതേസമയം, ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ കളിക്കാൻ 29 താരങ്ങൾ കരാർ ഒപ്പിട്ടു എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയ മുതിർന്ന താരം ആഞ്ജലോ മാത്യൂസ് മാത്രമാണ് കരാറിൽ ഒപ്പിടാതിരുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഈ മാസം 13 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights: Jayawardene likely to be appointed as consultant of Sri Lanka U-19 team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here