Advertisement

ഓഫ്സൈഡിലെ ദൈവം ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരനായപ്പോൾ; ദാദ 49 നോട്ടൗട്ട്

July 8, 2021
Google News 1 minute Read
sourav ganguly celebrates birthday

കണ്ടു മറന്ന ഒരു സീൻ:

2000 ആണ്ടുകളുടെ തുടക്കം. ഒരു ഏകദിന മാച്ചിന്റെ അഞ്ചാം ഓവർ. ഇന്ത്യ ബാറ്റ് ചെയ്യുന്നു. വിക്കറ്റുകളൊന്നും നഷ്ടമായിട്ടില്ല. പേസർ പന്തെറിയുന്നു. പോയിന്റ്, ഗള്ളി, കവർ, എക്സ്ട്രാ കവർ, മിഡ് ഓഫ്, പിന്നെ ഡീപ് സ്ക്വയർ തേർഡ്/ഡീപ് പോയിന്റ് എന്നിവിടങ്ങളിലൊക്കെ ഫീൽഡർമാർ. ഓഫ് സ്റ്റമ്പിനു പുറത്ത് ഒരു ഗുഡ് ലെംഗ്ത് അല്ലെങ്കിൽ ഫുൾ ബോൾ. ഫ്രണ്ട് ഫുട്ട് മാറ്റി ഹിറ്റിംഗ് ആർക്ക് ഓപ്പണാക്കുന്ന ബാറ്റ്സ്മാൻ. അടുത്ത സീൻ വല നെയ്തിരിക്കുന്ന ഈ ഫീൽഡർമാർക്കിടയിലൂടെ പന്ത് ഓഫ് സൈഡിലെ ആഡ് ബോർഡുകളിലിടിച്ച് വിശ്രമിക്കുന്നതാണ്.

മാച്ചിന്റെ മധ്യ ഓവറുകൾ. സ്പിന്നർ പന്തെറിയുന്നു. ലോംഗ് ഓൺ, ലോംഗ് ഓഫ്, ഡീപ് മിഡ് വിക്കറ്റ് എന്നിവിടങ്ങളിൽ ഫീൽഡർമാർ. പന്ത് റിലീസ് ചെയ്യുമ്പോഴേക്കും ഒരു റോയൽ സ്കിപ്. താളബദ്ധമായി രണ്ട് ചുവട് ക്രീസ് വിട്ടിറങ്ങി ബാറ്റ്സ്മാന്റെ ഉയർന്ന ബാക്ക് ലിഫ്റ്റും മനോഹരമായ ഫോളോ ത്രൂവും. പന്ത് ലോംഗ് ഓൺ കാണികളിലേക്ക്.

സൗരവ് ഗാംഗുലിയുടെ ഏറ്റവും ഐക്കോണിക്കായ ഏരിയകളായിരുന്നു ഇത്. ഓഫ് സൈഡ് ദൈവം എന്ന അപരനാമം അറിഞ്ഞു തന്നെ നൽകിയതാണ്. ഷോർട്ട് ബോളുകൾ കൊണ്ട് പലപ്പോഴും ഗാംഗുലിയെ ബൗളർമാർ വീഴ്ത്തിയെങ്കിലും ഓഫ് സൈഡിൽ ലഭിക്കുന്ന നേരിയ റൂമിനവസാനം പന്ത് കിടക്കേണ്ടത് ബൗണ്ടറിയിലാണെന്ന തിരിച്ചറിവിൽ അത്രയേറെ സൂക്ഷ്മമായി ബൗളർമാർക്ക് പന്തെറിയേണ്ടി വന്നിരുന്നു. കരിയർ ആരംഭിക്കുമ്പോൾ തന്നെ ഷോർട്ട് ബോളുകൾ കളിക്കേണ്ടതെങ്ങനെയെന്ന് ഗാംഗുലിക്ക് അറിയുമായിരുന്നില്ല. തീരെ അതോറിറ്റിയില്ലാതെ അയാൾ ആ സമയത്ത് ഒരു അമച്വർ ക്രിക്കറ്ററെപ്പോലെയാകുമായിരുന്നു‌. എന്നിട്ടും സൗരവ് ഗാംഗുലി തുടർച്ചയായി കണ്ണ് ചിമ്മിത്തുറന്ന് ഇന്ത്യൻ ജേഴ്സിയിൽ നിറഞ്ഞു നിന്നത് 16 വർഷങ്ങളോളമാണ്‌.

2000ലാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായക പദവിയിലെത്തുന്നത്. കൊൽക്കത്തയിലെ ഏറ്റവും വലിയ പണക്കാരനായ ഛണ്ഡീദാസ് ഗാംഗുലിയുടെ മകനായി, വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച്, സുഖസുഷുപ്തിയിൽ വളർന്ന സൗരവ് ഛണ്ഡീദാസ് ഗാംഗുലി പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ തുടങ്ങിയത് ഒരു മുൾക്കിരീടം എടുത്തണിഞ്ഞുകൊണ്ടായിരുന്നു. അത് അദ്ദേഹത്തിനും അറിയാമായിരുന്നു, സച്ചിൻ തെണ്ടുൽക്കർ കയ്യൊഴിഞ്ഞ ഒരു ടീം. ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങൾ, കോഴ വിവാദം. ഒരു വലിയ ചുമതലയായിരുന്നു അത്. സൗരവ് ഗാംഗുലി ദാദയായി. ടീം അംഗങ്ങളെയും ക്രിക്കറ്റ് ബോർഡിനെയും സെലക്ടർമാരെയുമടക്കം ദാദ ഒരു ചരടിൽ കോർത്തു. ടീം ഹഡിലിനു തുടക്കമിട്ടു. സമനിലയല്ല, ജയമാണ് വേണ്ടതെന്ന് പറഞ്ഞു പഠിപ്പിച്ചു‌. പൊരുതിക്കീഴടങ്ങുന്നത് ജയത്തിനു തുല്യമാണെന്ന് മനസ്സിലാക്കിക്കൊടുത്തു. സ്ലെഡ്ജിംഗും അഗ്രഷനും ഏറ്റാൽ ഓസ്ട്രേലിയക്കും പൊള്ളുമെന്ന് കാണിച്ചു തന്നു.

ഇന്ത്യൻ ടീം അന്നും ശക്തമായിരുന്നു. പക്ഷേ, അന്നത്തെ മറ്റ് ടീമുകൾ, പ്രത്യേകിച്ചും, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഒരു പരിധി വരെ ന്യൂസിലൻഡ് ടീമുകൾ ഇന്ത്യയെക്കാൾ വളരെ കരുത്തരായിരുന്നു. അവരെയൊക്കെ പലപ്പോഴും വിറപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യൻ ക്രിക്കറ്റിനു വളക്കൂറായത്. സമനിലയ്ക്ക് കളിച്ചിരുന്നത് ജയത്തിനു ശ്രമിക്കാനുള്ള മാനസികാവസ്ഥയ്ക്കു വഴിമാറിയത് ദാദയുടെ പിടിവാശികൾ കൊണ്ടായിരുന്നു. ഗാംഗുലി വെട്ടിയ വഴിയേ ആണ് ധോണി നടന്നത്.

ഒരു തലമുറയെ വിശ്വസിക്കാൻ പഠിപ്പിച്ചത് ദാദയാണ്. ഹാപ്പി ബർത്ത് ഡേ ദാദ.

Story Highlights: sourav ganguly celebrates 49th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here