04
Aug 2021
Wednesday

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-07-2021)

‘സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല’; സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഫീഖിന് ഉപാധികളോടെ ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

കറുകപ്പുത്തൂർ പീഡനം; പെൺകുട്ടിയുടെ ലഹരി ഉപയോഗം അറിഞ്ഞത് മാനസിക പ്രശ്‌നത്തിന് ചികിത്സ തേടിയപ്പോൾ; കൂടുതൽ പേരുടെ ഇടപെടലുണ്ടെന്ന് ബന്ധു

പാലക്കാട് കറുകപ്പുത്തൂർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബന്ധു. പെൺകുട്ടി മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും ഇതിന് ചികിത്സ തേടിയപ്പോഴാണ് ലഹരി ഉപയോഗം അറിഞ്ഞതെന്നും ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ

സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി.

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശവുമായി സിപിഐ മുഖപത്രം; ‘ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റാകില്ല’

സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ലെന്ന് മുഖപത്രം വിമര്‍ശിച്ചു. കൊലപാതകവും ക്വട്ടേഷന്‍ പ്രവര്‍ത്തനവും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതെന്നും ഇപ്പോഴത്തെ പ്രവണതകളെ ഫംഗസ് ആയി കണ്ട് ചികിത്സക്കണം. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന പ്രതികളില്‍ ചിലര്‍ നിയോലിബറല്‍ കാലത്തെ ഇടത് സംഘടനാ പ്രവര്‍ത്തകരാണെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വണ്ടിപെരിയാര്‍ പോക്സോ കേസ്; മകളുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പിതാവ്

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണെന്നും അച്ഛന്‍ പറഞ്ഞു.

കറുകപുത്തൂര്‍ പീഡനം; പൊലീസിന് ഗുരുതര വീഴ്ച; മയക്കുമരുന്ന് മാഫിയയെ പിടികൂടിയെങ്കിലും വിട്ടയച്ചു

പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിന് ഗുരുതര വീഴ്ച. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് വ്യക്തമായി. സംഘം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയം തൃത്താല പൊലീസ് എത്തിയിരുന്നുവെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.

കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

Story Highlights: todays headlines, news round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top