കെഎസ്ഇബി സ്വകാര്യ കമ്പനിക്ക് ആറ് കോടി നല്‍കണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് വിവാദത്തില്‍

സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് വൈദ്യുതി ബോര്‍ഡ് ആറ് കോടി നല്‍കണമെന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നിയമവും കരാര്‍ വ്യവസ്ഥകളും ലംഘിച്ച്. ഉപയോഗം കുറഞ്ഞ സമയത്ത് ബോര്‍ഡിനെ അറിയിക്കാതെ ഗ്രിഡിലേക്ക് വൈദ്യുതി കയറ്റിവിട്ടു കരാര്‍ വ്യവസ്ഥ ലംഘിച്ച കമ്പനിക്കാണ് കോടികള്‍ നല്‍കാന്‍ ഉത്തരവിട്ടത്.
കോയമ്പത്തൂര്‍ ആസ്ഥാനമായ ഇന്‍ഡ്സില്‍ ഹൈഡ്രോപവര്‍ ആന്റ് മാംഗനീസ് ലിമിറ്റഡ് എന്ന കമ്പനിയും വൈദ്യുതി ബോര്‍ഡും തമ്മില്‍ വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. ഇടുക്കിയിലെ കൂത്തുങ്കലില്‍ ഇന്‍ഡ്സിലിനുള്ള ജലവൈദ്യുത പദ്ധതിയുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, കമ്പനിയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളത് ബോര്‍ഡിനു നല്‍കാമെന്നാണ് കരാര്‍. ബോര്‍ഡിന്റെ അറിവോടെയും സമ്മതത്തോടെയും മാത്രമായായിരിക്കണം ഇതെന്ന് കരാറില്‍ വ്യക്തമാക്കുന്നു.
ലോക്ക് ഡൗണായതോടെ 2021 മാര്‍ച്ച് മുതല്‍ കഞ്ചിക്കോട് ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നിട്ടും മാര്‍ച്ച് മുതല്‍ കമ്പനി വൈദ്യുതി ഉത്പാദിപ്പിച്ച് ബോര്‍ഡിനെ അറിയിക്കാതെ ഗ്രിഡിലേക്ക് കയറ്റിവിട്ടു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 110 കോടി യൂണിറ്റ് ഉത്പാദിപ്പിച്ച് ബോര്‍ഡിന് നല്‍കിയെന്നും ഇതിനു 6.3 കോടി നല്‍കണമെന്നും ഇന്‍ഡ്സില്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറവായിരുന്നു. ഈ സമയത്ത് ബോര്‍ഡിന്റെ ജലവൈദ്യുത ഉത്പാദന നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനവും കുറച്ചിരുന്നു. ബോര്‍ഡ് തുക നല്‍കാന്‍ വിസമ്മതിച്ചതോടെ ഇന്‍ഡ്സില്‍ റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. കമ്പനി ആവശ്യപ്പെട്ട തുക മുഴുവന്‍ നല്‍കാനായിരുന്നു കമ്മിഷന്റെ തീരുമാനം. എന്നാല്‍ വൈദ്യുതി ബോര്‍ഡും സ്വകാര്യ സ്ഥാപനവും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് 1990 ഡിസംബര്‍ ഏഴിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതു മറികടന്നുകൊണ്ടാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് 6.3 കോടി നല്‍കാന്‍ ഉത്തരവിട്ടത്. ഇത്് കമ്മീഷന്റെ ഉദേശത്തെ ചോദ്യം ചെയ്യുന്നതാണ്.
Story Highlights: kseb, electricity regulatory board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here