30
Jul 2021
Friday

സിക വൈറസ്; ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം; പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

കൊവിഡിനിടെ കേരളത്തിൽ സിക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുകയാണ്. മരണ സാധ്യത വളരെ കുറവാണെങ്കിലും ഗർഭിണികൾ ആണ് സികയെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൊവിഡ്‌ മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയിൽ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്ന ആശങ്ക പലരിലും ഉണ്ടായേക്കാം.

എന്താണ് സിക വൈറസ്

ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്. സിക വൈറസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രസക്തമായ വസ്തുതകൾ ചുരുക്കത്തിൽ.

 • പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണിത്.
 • പൊതുവെ അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകൾ ആണിവ.
 • രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും, രക്തദാനത്തിലൂടെയും ലൈംഗീക ബന്ധത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.
 • രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്ന് ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ച വരെയോ ഏറിയാൽ 12 ദിവസം വരെയോ നീണ്ടു നിൽക്കാം.
 • പലരിലും ലക്ഷങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.
 • ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സാ വേണ്ടി വരില്ല. കാരണം മരണ സാധ്യത തീരെയില്ല.

സികയെ പേടിക്കേണ്ടതുണ്ടോ?

സാധാരണ ഗതിയിൽ വളരെ ലഘുവായ രീതിയിൽ വന്നു പോന്ന ഒരു വൈറസ് രോഗബാധയാണിത്. ഗർഭിണിയായ സ്ത്രീയിൽ ഈ രോഗബാധ ഉണ്ടായാൽ നവജാത ശിശുവിന് ജന്മനാലുള്ള തകരാറുകൾ ഉണ്ടാകുമെന്നതാണ് ഇതിൽ പ്രധാനമായും കാണപ്പെടുന്ന ഒരു ആശങ്ക. അതിൽ പ്രധാനമാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിൻറെ വളർച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനോടൊപ്പം തന്നെ കൺജനിറ്റൽ സിക സിൻഡ്രോം എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്. കൂടാതെ വളർച്ച എത്താതെ പ്രസവിക്കാനും അബോർഷൻ ആയി പോകാനും സാധ്യതയുണ്ട്. അപൂർവമായി മുതിർന്നവരിൽ ജില്ലൻ ബാരി സിൻഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളർച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപോർട്ടുകൾ ഉണ്ട്.

രോഗബാധ എങ്ങനെ കണ്ടെത്താം?

രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. ഇന്ത്യയിൽ നിലവിൽ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂണെ എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

ചികിത്സ എങ്ങനെ?

മരണ സാധ്യത ഇല്ലാത്തതിനാൽ, കിടത്തി ചികിത്സ കുറവാണ്. സിക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആൻറിവൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവിൽ വികസിപ്പിച്ചിട്ടില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളുമൊക്കെ മതിയാവും രോഗ ശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോൾ പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാൽ മറ്റു ചില വേദനസംഹാരികൾ ഒഴിവാക്കേണ്ടതാണ്.

പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമം

 • ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.
 • വീടിന് ചുറ്റും കൊതുകുകൾ പെറ്റ് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക.
 • പ്രഭാതം മുതൽ പ്രദോഷം വരെയുളള സമയത്ത് കൊതുക് കടി കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊതുകു കടിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.
 • ഉറങ്ങുമ്പോൾ കൊതുക് കടി തടയുന്ന രൂപത്തിൽ മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. റെപെല്ലെന്റുകളും ഉപയോഗിക്കാവുന്നതാണ്.
 • ചുരുക്കി പറഞ്ഞാൽ അമിത ആശങ്കകൾ വേണ്ട. ഗർഭിണികളും ഗർഭവതികൾ ആവാനിടയുള്ളവരും കരുതലോടെയിരിക്കണം.
 • ഡയബറ്റിക്, ഉയർന്ന രക്തസമ്മർദ്ദം, ശ്വസന വൈകല്യം, പ്രതിരോധക്കുറവ് എന്നിവയുള്ളവർ വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെങ്കിൽ അതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ധനോട് ഉപദേശം തേടിയതിന് ശേഷം മാത്രം പോവുക.
 • വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചു വന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ പനി ഉണ്ടായാൽ ഉടനെ വൈദ്യസഹായം തേടണം.

Story Highlights: Veena George NQAS rating

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top