Advertisement

ബിപിഎല്ലുകാര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ‘വേവ്’ പദ്ധതി

July 10, 2021
Google News 1 minute Read
ration card

സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ‘വേവ്’ (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിന്‍. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. കൊവിഡ് ബാധിതരില്‍ അല്പ കാലത്തിനു ശേഷം പ്രമേഹം പുതുതായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശസ്ത മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റില്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

കൊവിഡ് ബാധിക്കാത്തവരേക്കാള്‍ 39 ശതമാനം അധിക സാധ്യതയാണ് കോവിഡ് ബാധിച്ചവരില്‍ കണ്ടെത്തിയത്. അതുകൊണ്ട് 18 വയസിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കും.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 10,047 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5,790 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 31,65,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: bpl, covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here