‘ഇന്ത്യക്ക് ഇപ്പോൾ രണ്ട് ടീം, നമുക്കുള്ളത് അതിജീവിക്കാൻ ബുദ്ധിമുട്ടുന്നു’; പാക് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് സിസ്റ്റത്തെ പുകഴ്ത്തിയും പാകിസ്താനെ വിമർശിച്ചും മുൻ പാക് താരം സയീദ് അജ്മൽ. ഇന്ത്യക്കും ഇംഗ്ലണ്ടിനും രണ്ട് സ്ക്വാഡുകളെ വീതം ഇറക്കാൻ കഴിയുന്നുണ്ടെങ്കിൽ പാകിസ്താനുള്ള ഒരു ടീം അതിജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അജ്മൽ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അജ്മൽ രംഗത്തെത്തിയത്.
“ബൗളിംഗിൽ പോലും, രണ്ടോ മൂന്നോ പേർ മാറ്റിനിർത്തിയാൽ മറ്റുള്ളവരൊക്കെ മോശമാണ്. എങ്ങനെ നമ്മൾ അതിജീവിക്കും? നമ്മുറ്റെ മധ്യനിര പരാജയമാണ്. മുൻനിര താരങ്ങൾ കളിച്ചെങ്കിൽ മാത്രമേ നമുക്ക് മികച്ച സ്കോർ ഉയർത്താൻ കഴിയുന്നുള്ളൂ. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇപ്പോൾ രണ്ട് ടീമുകളുണ്ട്. നമുക്കുള്ള ഒരു ടീം അതിജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.”- സഈദ് അജ്മൽ പറഞ്ഞു.
അജ്മലിനൊപ്പം ഷാഹിദ് അഫ്രീദി, ഡാനിഷ് കനേരിയ എന്നീ താരങ്ങളും പാക് ടീമിനെതിരെ രംഗത്തെത്തി. ഷാഹിദ് അഫ്രീദി സെലക്ടർമാരെ വിമർശിച്ചപ്പോൾ കനേരിയ പേസ് ബൗളർ ഷഹീൻ അഫ്രീദിയ്ക്കെതിരെയാണ് രംഗത്തെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പാകിസ്താൻ തകർന്നടിഞ്ഞിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയായിരുന്നു. അവസാന മത്സരത്തിൽ 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 332 റൺസ് വിജയലക്ഷ്യം 48 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ജെയിംസ് വിൻസ് (102) ലൂയിസ് ഗ്രിഗറി (77) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച വിജയത്തിലെത്തിച്ചത്.
Story Highlights: former players against pakistan cricket team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here