‘ഇതുകൊണ്ടൊന്നും എന്നെ തകർക്കാനാവില്ല’; വംശീയാധിക്ഷേപത്തിൽ മറുപടിയുമായി ബുക്കായോ സാക്ക

യൂറോ കപ്പ് ഫൈനലിൽ പെനൽറ്റി പാഴാക്കിയതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപങ്ങളിൽ മറുപടിയുമായി ഇംഗ്ലണ്ട് യുവതാരം ബുക്കായോ സാക്ക. ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാവില്ലെന്ന് സാക്ക പറഞ്ഞു. ഇത്തരത്തിൽ അവഹേളിക്കപ്പെടാൻ ഒരാളും ആഗ്രഹിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങൾ ഇത്തരം സന്ദേശങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നില്ലെന്നും സാക്ക തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
‘ഒരു കാര്യം ഞാൻ ഉറപ്പ് പറയാം- കഴിഞ്ഞ ആഴ്ചയിൽ എനിക്ക് ലഭിച്ച നെഗറ്റിവിറ്റിക്ക് എന്നെ തകർക്കാനാവില്ല. പെനൽറ്റി പാഴാക്കിയത് സങ്കടകരമായിരുന്നു. നിങ്ങളെയും ഇംഗ്ലണ്ട് കുടുംബത്തെയും ഞാൻ നിരാശരാക്കി. എന്നെ പിന്തുണച്ചവരോടും ആശ്വസിപ്പിച്ച് സന്ദേശം അയച്ചവരോടും ഞാൻ നന്ദി അറിയിക്കുന്നു. എനിക്കും റാഷ്ഫോർഡിനും സാഞ്ചോയ്ക്കും ലഭിച്ചതുപോലുള്ള വേദനിപ്പിക്കുന്ന സന്ദേശങ്ങൾ ലഭിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദേശങ്ങൾ തടയാൻ, സമൂഹമാധ്യമങ്ങൾ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നത് സങ്കടകരമാണ്.’- സാക്ക കുറിച്ചു.
യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ട് ആരാധകരുടെ അഴിഞ്ഞാട്ടമാണ് കണ്ടത്. ഇംഗ്ലണ്ടിൻ്റെ പെനൽറ്റി നഷ്ടപ്പെടുത്തിയ ബുക്കായോ സാക്ക, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവർക്കെതിരെ ഇംഗ്ലണ്ട് ആരാധകർ രൂക്ഷമായ വംശീയ ആക്രമണമാണ് നടത്തിയത്. ഇതോടൊപ്പം വെംബ്ലിയിൽ മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകരെ മത്സരം കഴിഞ്ഞതിനു ശേഷം അവർ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും ചെയ്തു.
Story Highlights: bukayo saka tweet against racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here