കരിയറിൽ വിജയിച്ചാൽ വനിതാ താരങ്ങൾക്ക് വിവാഹം പോലും വേണ്ടെന്ന സ്ഥിതി; അബ്ദുൽ റസാഖ് വിവാദക്കുരുക്കിൽ

പാക്കിസ്ഥാന്റെ മുൻ താരം നിദാ ദാറിനൊപ്പം പങ്കെടുത്ത ഒരു ചാനൽ ഷോയ്‌ക്കിടെയാണ് അബ്ദുൽ റസാഖ് വിവാദ പരാമർശങ്ങൾ നടത്തിയത്. പരിപാടിയുടെ ചർച്ചാ വിഷയം കായിക മേഖലയിൽ വനിതകളുടെ സ്ഥാനത്തെക്കുറിച്ചായിരുന്നു.
കരിയറിൽ വിജയിച്ചാൽ വനിതാ താരങ്ങൾക്ക് വിവാഹം പോലും വേണ്ടെന്ന സ്ഥിതിയാണെന്നത് ഉൾപ്പെടെ റസാഖ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.കായിക മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്നും ആ മേഖലയോടുള്ള താൽപര്യത്തെക്കുറിച്ചും നിദ ദാർ വിവരിച്ചതിനു പിന്നാലെയായിരുന്നു റസാഖിന്റെ വിവാദ പരാമർശങ്ങൾ.
‘അവരുടെ മേഖല അങ്ങനെയാണ്. ക്രിക്കറ്റ് താരങ്ങളായിക്കഴിയുമ്പോൾ പുരുഷ താരങ്ങൾക്ക് ഒപ്പമെത്താനാണ് അവരുടെ ശ്രമം. പുരുഷൻമാർക്ക് മാത്രമല്ല, ഞങ്ങൾക്കും ഇതൊക്കെ വഴങ്ങുമെന്ന് തെളിയിക്കാനും ശ്രമിക്കും. ക്രിക്കറ്റിൽ വിജയമാകുന്നതോടെ വിവാഹമൊന്നും വേണ്ടെന്ന ചിന്തയിലേക്കെത്തും. അവർക്ക് ഹസ്തദാനം കൊടുക്കുമ്പോഴറിയാം, സ്ത്രീയാണെന്നു പോലും തോന്നില്ല’ – റസാഖ് പറഞ്ഞു.
നിദ ദാറിനെ ഒപ്പമിരുത്തി റസാഖ് നടത്തിയ ഈ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. പാക്കിസ്ഥാൻ കണ്ട ഏറ്റവും മികച്ച വനിതാ താരങ്ങളിൽ ഒരാളായ നിദയെ ഇത്തരത്തിൽ അപമാനിച്ചത് ശരിയായില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here