31
Jul 2021
Saturday

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (18-07-2021)

സംസ്ഥാനത്ത് 13,956 പേര്‍ക്ക് കൊവിഡ്; 205 പ്രദേശങ്ങള്‍ ടി.പി.ആര്‍ 15ന് മുകളിൽ

കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

വീട്ടമ്മയ്ക്ക് സഹായവുമായി എം എ യൂസഫലി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട വാടക അടയ്ക്കും

കൊച്ചി മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ നടത്തിയ കട ജി.സി.ഡി.എ അടപ്പിച്ചതിൽ ഇടപെട്ട് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫ് അലി. വാടക കുടിശ്ശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറയുന്നു. അതേസമയം, പ്രസന്ന അടക്കാനുള്ള തുക മുഴുവൻ അടക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അറിയിച്ചു

സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകും

സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍ തുടങ്ങിയ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സിനിമാ സംഘടനകള്‍ നിര്‍ദേശിച്ചു. യോഗത്തിലാണ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. പൊതുമാനദണ്ഡം തയാറാക്കും മുന്‍പേ ചിത്രീകരണം തുടങ്ങിയതിനാലാണ് ഇടപെടല്‍.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. ടിപിആര്‍ പത്തില്‍ കൂടുതല്‍ ഉള്ള ജില്ലകള്‍ പരിശോധിച്ചതില്‍ ചടങ്ങുകള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.

കെ എം ഷാജിയുടെ ആഡംബര വീടിന്‍റെ ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നീക്കം വിവാദത്തില്‍

വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദത്തില്‍. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനാണ് നീക്കം. വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും അഫ്‌സയും അലി അക്ബറും ചേര്‍ന്നാണ്. ഇവര്‍ ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

മുംബൈയില്‍ കനത്ത മഴ; കെട്ടിടം തകര്‍ന്ന് 22 മരണം നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്പൂർ , വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് അഞ്ച് പേരും ചെമ്പുരിലെ ഭാരത് നഗറില്‍ 17 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചയുമായി പെയ്ത മഴയിലാണ് അപകടം.

24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന രോഗികളില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 518 പേര്‍ മരിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗികള്‍ വീണ്ടും 40,000 കടന്നു.

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

നികുതിയുടെ പേരിൽ വേട്ടയാടുന്നു; സർക്കാരിനെതിരെ തീയറ്റർ ഉടമകൾ

സർക്കാരിനെതിരെ തീയറ്റർ ഉടമകൾ. തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് നികുതിയുടെ പേരിൽ വേട്ടയാടുന്നുവെന്ന് തീയറ്ററുടമകൾ പരാതിപ്പെടുന്നു.

ഇന്ന് ലോക്ഡൗൺ ഇല്ല; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.

Story Highlights: news round up, todays headlines

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top