ഇന്ന് അറഫാ സംഗമം

ഇന്ന് അറഫാ സംഗമം. ഹജ്ജിനെത്തിയ എല്ലാ തീർത്ഥാടകരും ഇന്ന് അറഫയിൽ സംഗമിക്കും. പാപമോചന പ്രാർത്ഥനകളും മറ്റു ആരാധനാ കർമങ്ങളുമായി സൂര്യൻ അസ്തമിക്കുന്നത് വരെ തീർത്ഥാടകർ അറഫയിൽ കഴിയും.
ഹജ്ജിൻറെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമമാണ് ഇന്ന്. ഇന്നലെ മിനായിൽ ഹജ്ജ് കർമങ്ങൾ ആരംഭിച്ച തീർഥാടകർ ഇന്ന് രാവിലെ അറഫയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് മുമ്പായി എല്ലാ തീർഥാടകരും അറഫയിൽ എത്തും. മിനായിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ ആണ് അറഫയിലേക്കുള്ള ദൂരം.
ഹജ്ജ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ബസുകളിലാണ് തീർഥാടകർ അറഫയിലേക്ക് നീങ്ങുന്നത്. ഇന്ന് ഉച്ച മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ തീർഥാടകർ അറഫയിൽ സംഗമിക്കും. ളുഹ്റ്, അസർ നിസ്കാരങ്ങൾ നിർവഹിക്കുകയും അറഫാ പ്രസംഗം കേൾക്കുകയും ചെയ്യുന്ന തീർഥാടകർ വൈകുന്നേരം വരെ പാപമോചന പ്രാർഥന ഉൾപ്പെടെയുള്ള ആരാധനാ കർമങ്ങളിൽ മുഴുകും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്കാരത്തിനും ഖുതുഭയ്ക്കും ശൈഖ് ബന്തർ ബിൻ അബ്ദുൾ അസീസ് ബലീല നേതൃത്വം നല്കും. അറഫയിലെ പ്രശസ്തമായ ജബൽ റഹ്മാ മലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർഥാടകരിൽ പലരും സന്ദർശനം നടത്തും.
അകലം പാലിച്ച് തമ്പുകളിൽ കഴിയാനും കർമങ്ങൾ നിർവഹിക്കാനും വിപുലമായ സൌകര്യങ്ങളാണ് അറഫയിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ നിരീക്ഷണത്തിലാണ് തീർഥാടകരുടെ ഓരോ നീക്കങ്ങളും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ അറുപതിനായിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.
Story Highlights: hajj arafa meet today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here