Advertisement

ലക്ഷദ്വീപിലെ കുട്ടികൾക്കും ഇനി ഫസ്റ്റ്ബെൽ ഓഫ്‌ലൈൻ ക്ലാസിൽ പങ്കെടുക്കാം

July 19, 2021
Google News 1 minute Read

കേരള സിലബസ് തുടരുന്ന ലക്ഷദ്വീപിലെ കുട്ടികൾക്ക് ഇനി മുതൽ ഫസ്റ്റ്ബെൽ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാം. ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ ഓഫ്‌ലൈനായി ലഭ്യമാക്കുന്ന സംവിധാനം കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഏർപ്പെടുത്തി. ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗതയും ചാനൽ ലഭ്യതയും പ്രശ്നമാകുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഉള്ളടക്കം ഓഫ്‍ലൈനായി ലഭ്യമാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തിന് കത്തെഴുതിയിരുന്നു.

ഇതേ തുടർന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസർ തിരുവനന്തപുരത്തെ കൈറ്റ് ആസ്ഥാനത്തെത്തി ചർച്ച നടത്തിയിരുന്നു. ഓരോ മാസത്തേയും പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ പ്രത്യേകം ഡൗൺലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇതാദ്യമായാണ് ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ക്ലാസുകൾ ലഭ്യമാകുന്നത്.

ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലായി 43 സ്കൂളുകളിലായി കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികളുണ്ട്. 2017 ൽ കേരളത്തിലെ ഹൈടെക് സ്കൂൾ പദ്ധതി ആരംഭിക്കുന്ന ഘട്ടത്തിൽ ലക്ഷദ്വീപിലെ 60 അധ്യാപകർക്ക് കൊച്ചിയിൽവച്ച് പത്തു ദിവസത്തെ വിദഗ്ധ ഐ.സി.ടി. പരിശീലനം കൈറ്റ് നൽകിയിരുന്നു. കൂടുതൽ വിപുലമായ പരിശീലനം കഴിഞ്ഞ വർഷം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം നടത്താൻ കഴിഞ്ഞിരുന്നില്ല. ലക്ഷദ്വീപിൽ ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായം ആവശ്യപ്പെടുന്ന ഘട്ടത്തിൽ കൈറ്റ് ലഭ്യമാക്കി വരുന്നുണ്ട്.

ഹാർഡ്‌വെയർ ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ കൊവിഡ് മൂലം നടത്താൻ സാധിച്ചില്ല. 2005 മുതൽ കേരളത്തിലെ എഡ്യൂസാറ്റ് ശൃംഖലയിൽ ലക്ഷദ്വീപിലെ സ്കൂളുകളും ഭാഗമായിരുന്നെങ്കിലും പിന്നീട് ഉപകരണങ്ങൾ പ്രവർത്തനക്ഷമമല്ലാതായി. ഡി.ടി.എച്ച് ശൃംഖലയിലും ലഭ്യമായതോടെ കഴിഞ്ഞ വർഷം മുതൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ലക്ഷദ്വീപിലും ലഭ്യമാകുന്നുണ്ട്. എന്നാൽ ചാനൽ ലഭ്യതയിലും ഇന്റർനെറ്റിലെന്നപോലെ പലപ്പോഴും തടസ്സംനേരിടുന്ന സാഹചര്യത്തിലാണ് ഡൗൺലോഡ് ചെയ്ത ക്ലാസുകൾ കുട്ടികൾക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here