Advertisement

മകനെതിരായ ഭീഷണിക്കത്ത്; വള്ളിക്കാട് വച്ചുണ്ടായതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് കെ കെ രമ

July 20, 2021
1 minute Read
kk rama kk rema
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകനെതിരായ ഭീഷണിക്കത്ത് വെറുമൊരു ഊമക്കത്തായി തള്ളിക്കളയാനാകില്ലെന്ന് കെ കെ രമ എംഎല്‍എ. ടിപിയുടെ വിധിയായിരിക്കും മകനുമെന്നാണ് ഭീഷണിയുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആര്‍എംപിഐക്കാരെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി സഖാവ് എന്‍ വേണുവിനും എന്റെ മകന്‍ അഭിനന്ദിനും നേരെ വധഭീഷണിയുമായി എംഎല്‍എ ഓഫീസിന്റെ മേല്‍വിലാസത്തില്‍ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ടിപി ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാര്‍ട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണല്ലോ ടിപിയുടെ ജീവനെടുത്തത്. മകന്‍ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു.

ജീവന്റെ പാതിയല്ല, ജീവന്‍ തന്നെ പകുത്തു നല്‍കിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആര്‍എംപിഐ എന്ന പാര്‍ട്ടിയുടെ ചെങ്കൊടിത്തണലില്‍ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകര്‍ന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് പാര്‍ട്ടിയുടെ ഇതുവരെയുള്ള മുന്നോട്ട് പോക്ക്. ടിപി ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങള്‍ക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല.

ആറോളം സഖാക്കള്‍ക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് ടിപി കൊല്ലപ്പെടുന്നത്. അതോടെ താല്‍ക്കാലിക വിരാമമായ ആക്രമണ പരമ്പരകള്‍ 2016ലെ സിപിഎംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി. കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോര്‍ന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എന്‍ വേണു.
ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് സ്വൈര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാന്‍ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സിപിഐഎംന് മറച്ചു വയ്ക്കാന്‍ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എന്‍ വേണുവിനോടും ആര്‍എംപിഐ യോടുമുളള സിപിഎം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം. എന്നാല്‍ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികള്‍ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദര്‍ശിച്ചു തന്നെയാണ് ഞങ്ങളീ വഴി തെരഞ്ഞെടുത്തത്.

പി.ജെ. ബോയ്‌സ്, റെഡ് ആര്‍മി തുടങ്ങിയ പേരുകളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പിജെ ആര്‍മിയുടെയും കണ്ണൂരിലെ സിപിഐഎംന്റെ സൈബര്‍ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയുമൊക്കെ കേരളത്തില്‍ പടുത്തുയര്‍ത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങള്‍ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാര . ഒഞ്ചിയത്ത് പിജെ ആര്‍മിയുടെ പേരില്‍ ഒരു വണ്ടി സിപിഎംന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

ടി പി ചന്ദ്രശേഖന്‍ മകനും ഭാര്യയ്ക്കുമൊപ്പം

പൊലീസിനോട് ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരില്‍ നിങ്ങളുടെ വലയത്തില്‍ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനല്‍ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. പൊതു ജനങ്ങളില്‍ ആശങ്ക പടര്‍ത്തി, ഞങ്ങളുടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ത്ത് ജനങ്ങളില്‍ നിന്നകന്ന് സുരക്ഷാ വലയത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ എന്തായാലും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല .
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ് സഖാക്കാള്‍ കെകെ ജയനും പുതിയടുത്ത് ജയരാജനും നേരെ നടന്ന ആക്രമണം. ഇത്രയും കാലം കഴിഞ്ഞിട്ടും അതില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത നിങ്ങളുടെ സവിശേഷ പരിമിതി തുടരുന്നിടത്തോളം ഇത്തരക്കാര്‍ പെരുകുക തന്നെ ചെയ്യും.

ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വധഭീഷണിക്കത്ത് വരികയുണ്ടായി. പ്രതിപക്ഷ ശബ്ദങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ക്വട്ടേഷന്‍ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല, നിലപാടുകള്‍ക്കായി ജീവന്‍ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങളീ മണ്ണില്‍ തെളിയിക്കുക തന്നെ ചെയ്യും.

സംഭവത്തില്‍ എന്‍ വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
റെവല്യൂനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി.പി ചന്ദ്രശേഖന്‍ 2012 മേയ് 4നാണ് കൊല്ലപ്പെടുന്നത്. എസ്.എഫ്.ഐ, സിപിഐഎം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവര്‍ത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് 2009ല്‍ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഐഎം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികള്‍ ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങള്‍ക്ക് കാരണമായി. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിക്കപ്പെട്ടു. സിപിഐഎം ആരോപണങ്ങള്‍ നിഷേധിക്കുകയും ആരോപണങ്ങള്‍ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്ക് പിന്നിലെന്നും ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു.തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഏഴ് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Story Highlights: kk rama tp chandrashekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement