ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചു; കേന്ദ്രസർക്കാരിന്റെ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്.
അഭിഷേക് ആനന്ദ്, ജസ്്റ്റിൻ സൻഡർഫർ, മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് തയാറാക്കിയ പഠനത്തിൽ മൂന്ന് കണക്കുകളാണ് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിക് രജിസ്‌ട്രേഷൻ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങൾ, ഇൻഫെക്ഷൻ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങൾ, കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 മരണങ്ങളുടെ കണക്കുകളും.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പഠന റിപ്പോർട്ട് വിലയിരുത്തി. 2020 ജനുവരിമുതൽ 2021 ജൂൺവരെയായിരുന്നു പഠന കാലയളവ്. സിറോ സർവേകൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേകൾ, ഔദ്യോഗിക കണക്കുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്.
The Truth.
— Rahul Gandhi (@RahulGandhi) July 21, 2021
GOI’s wrong decisions during Covid second wave killed 50 lakh of our sisters, brothers, mothers and fathers.https://t.co/dv3IRenXWm
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കൊവിഡ് മരണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഓക്‌സിജൻ ലഭ്യതക്കുറവ് കാരണമുള്ള മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ‘കൊവിഡ് കാലത്തെ മരണങ്ങൾക്ക് കാരണം കേന്ദ്രം ഓക്‌സിജൻ കയറ്റുമതി 70 ശതമാനം വർധിപ്പിച്ചത് കൊണ്ടാണ്’- എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
ഓക്‌സിജൻ വിതരണം ചെയ്യാൻ സർക്കാർ വേണ്ടത്ര ടാങ്കറുകൾ ഏർപ്പെടുത്തിയില്ലെന്നും വിദഗ്ധരുടെ നിർദേശങ്ങൾ സർക്കാർ അവഗണിച്ചതാണ് രാജ്യത്തെ കൊവിഡ് മരണങ്ങൾക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
അതേസമയം, രാജ്യത്തെ പ്രതിദിന രോഗികൾ 40,000 മുകളിൽ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേർ മരിച്ചു. കേരളത്തിൽ മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ ഉയർന്നതോടെ ദേശീയ കണക്കിൽ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാൽപതിനായിരം കടന്നു. 41,383 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആർ.
Story Highlights: covid 50 Indians dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here