Advertisement

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്ജ്

July 22, 2021
Google News 2 minutes Read
kochi actress attack case

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ (kochi actress attack case) വിചാരണ നേരിടുന്ന പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്തയച്ചത്. നിലവിലെ ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ നില നിന്നിരുന്നതുകൊണ്ട് വിചാരണ ഉടൻ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കത്തിലെ ഉള്ളടക്കം.

ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്. ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാൻ സമയമെടുക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 15 ന് മുൻപ് കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നേരത്തെ കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. 11 പ്രതികളുള്ള കേസിൽ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.

കേസിനാസ്പദമായ സംഭവം

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഒളിവിലായിരുന്ന പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും ഫെബ്രുവരി 23 നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്.

Read Also: 85 ദിവസങ്ങൾക്ക് ശേഷം ദിലീപ് പുറത്തേക്ക്; സിനിമയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതായിരുന്ന ആ കേസ്

ജഡ്ജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഇവർ കീഴടങ്ങാനെത്തിയത്. ഈ സാഹചര്യം പൊലീസിന് തുണയായി. അറസ്റ്റിലായ പൾസർ സുനി 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് ഫെബ്രുവരി 24 ന് മൊഴിനൽകി.

ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂൺ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടേയും രംഗപ്രവേശം. പൾസർ സുനി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച ദിലീപ്, തന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയും തമ്മിലുള്ള ഫോൺ സംഭാഷണവും ദിലീപ് വൃത്തങ്ങൾ പുറത്തുവിട്ടു.

ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്.

തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ശേഷം ജൂൺ 29 ന് ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’ രംഗത്തെത്തി. മാധ്യമപ്രവർത്തകർക്കുനേരെ ‘അമ്മ’ അംഗങ്ങൾ ആക്രോശിക്കുകയും ചെയ്തു. ഇത് സംഭവത്തിൽ താരങ്ങളുടെ സംഘടനയോട് ജനമനസ്സുകളിൽ വിള്ളൽ വീഴ്ത്തുകയും, വൻ വിവാദത്തിനും, ചർച്ചയ്ക്കും തിരി കൊളുത്തുകയും ചെയ്തു.

ജൂൺ 30 ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, ധർമജൻ ബോൾഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ സുനി എത്തിയിരുന്നു.

dileep

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപിന് ജാമ്യം ലഭിച്ചതിനാൽ വിചാരണ കാലയളവിൽ ജയിലിൽ കഴിേണ്ടതില്ല. പാസ്‌പോർട്ട് സമർപ്പിക്കുക, ഒരു ലക്ഷം രൂപ ബോണ്ട് നൽകണം , 2 ആൾ ജാമ്യം എന്നിവയാണ് കോടതി നിഷ്‌കർശിച്ചിരിക്കുന്ന ഉപാധികൾ. ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി പറഞ്ഞിരുന്നു.

Story Highlights: kochi actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here