മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വീഴ്ച സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വീഴ്ച സമ്മതിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍ (AK Saseendran) നിയമസഭയില്‍. ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായും വനം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിപ്പെട്ടു.
മരംമുറിക്കല്‍ കേസില്‍ അന്വേഷണം എങ്ങനെ വേണമെന്ന് സര്‍ക്കാരിന് കൃത്യമായി അറിയാമെന്ന് മന്ത്രി പറഞ്ഞു. മുട്ടില്‍ മരംമുറിക്കലില്‍ മാത്രം 14 കോടിയുടെ നഷ്ടമുണ്ടായി. കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ ഇനിയും കണ്ടെത്താനുള്ള മരങ്ങള്‍ കണ്ടെത്തി വിജിലന്‍സിന്റെ സഹായത്തോടെ വില കണക്കാക്കണം. താന്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊള്ളണമെന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഒരു അന്വേഷണവും നടത്താതെ മുഴുവന്‍ രാഷ്ട്രീയ യജമാനന്മാരെ രക്ഷിക്കാനുള്ള നടപടിയാണെന്നാണ് ആരോപണം. പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും കുടുക്കാനാണ് ശ്രമമെന്നും വി ഡി സതീശന്‍. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മികച്ച വില നല്‍കാമെന്ന് പറഞ്ഞ ആദിവാസികളെ പറ്റിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ച് ലക്ഷത്തിന്റെ മരത്തിന് 5000 രൂപയാണ് കൊടുത്തത്. രമേശ് ചെന്നിത്തലയും വിഷയത്തില്‍ പ്രതികരിച്ചു. കേരള ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത രീതിയിലുള്ള വനംകൊള്ളയാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലേക്കാള്‍ മരം മുറിച്ച സ്ഥലങ്ങളുണ്ട്. ഉത്തരവിറക്കാന്‍ ഗൂഢാലോചന നടന്നു. അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ- വനം മന്ത്രിമാരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കിയിരുന്നു . മന്ത്രി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി. മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here