പരീക്ഷ ദിവസം കോളേജിലേക്കുള്ള ബസ് നഷ്ടപ്പെട്ടു; വിദ്യാർത്ഥിനിയെ കോളേജിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ

പരീക്ഷ ദിവസം കോളേജിലേക്കുള്ള ബസ് നഷ്ടപ്പെട്ട് വിഷമിച്ച് നിന്ന വിദ്യാർത്ഥിനിക്ക് തുണയായത് കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ. കൊവിഡ് പ്രതിസന്ധി മൂലം ബസ് സർവീസുകൾ കുറവായതിനാൽ പരീക്ഷയ്ക്ക് പോകാനായി ബസില്ലാതെ പ്രതീക്ഷ നഷ്ടപ്പെട്ട് നിന്ന സാന്ദ്ര എന്ന പെൺകുട്ടിക്കാണ് കെ.സ്.ആർ.ടി.സി. ജീവനക്കാരുടെ കരുതൽ ലഭിച്ചത്.
പത്തനംതിട്ട അടൂർ ഏറത്ത് പഞ്ചായത്തിലെ അന്തിച്ചിറ സ്വദേശിയായ സാന്ദ്ര ശിവരാജൻ, റാന്നി വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജിലെ അവസാന വർഷ ബയോമെഡിക്കൽ വിദ്യാർത്ഥിനിയാണ്. സാന്ദ്ര കഴിഞ്ഞ ദിവസം സപ്പ്ളിമെന്ററി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയത് ഇന്ന് സമൂഹ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യപ്പെടുന്ന ഒരു കഥയായി മാറിയിരിക്കുകയാണ്. പത്തനംതിട്ട റാന്നി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ ഇടപെടലും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
എന്നത്തേയും പോലെ പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് സാന്ദ്ര ഇറങ്ങി. അടൂരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യമായതിനാൽ ബസുകൾ കുറവായിരുന്നു. അടൂരിൽ നിന്ന് സാന്ദ്ര റാന്നിയിലെത്തി. റാന്നിയിൽ നിന്ന് 1.15 നല്ല ബസിന് കോളേജിലേക്ക് പോകാമെന്നപ്രതീക്ഷയിലാണ് സാന്ദ്ര അവിടെയെത്തിയത്. എന്നാൽ ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ ബസ് നേരത്തെ പോയി എന്നറിഞ്ഞു അടുത്ത ബസ് ആകട്ടെ 3 മണിക്ക് ശേഷവും. രണ്ട്മണിക്ക് തുടങ്ങുന്ന പരീക്ഷയിൽ 2.10 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പ്രതീക്ഷകളെല്ലാം നഷ്ടമായ സാന്ദ്ര കണ്ണീരോടെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. വീട്ടിലും കൂട്ടുകാരെയും പരീക്ഷ എഴുതാൻ വരില്ലെന്നും സാന്ദ്ര അറിയിച്ചു./
എന്നാൽ കരഞ്ഞ് കൊണ്ട് നിൽക്കുന്ന സാന്ദ്രയെകണ്ട ഡിപ്പോയിലെ കണ്ടക്ടറായ സതീഷ് സാന്ദ്രയ്ക്ക് നേരെ സഹായഹസ്തം നീട്ടുകയായിരുന്നു. ബൈക്കിലാണ് സതീഷ് സാന്ദ്രയെ കോളേജിലെത്തിച്ചത്.
‘ഇവിടുന്ന് കരഞ്ഞു വിളിച്ചുപോയ ആൾ അവിടെയെത്തിയപ്പോൾ സന്തോഷത്തിന്റെ ഒരു കണ്ണീരുമെല്ലാമായി നിൽക്കുന്ന കണ്ടപ്പോൾ നമ്മുക്കും വളരെ സന്തോഷമായി’, റാന്നി ഡിപ്പോയിലെ കണ്ടക്ടറായ സതീഷ് പറഞ്ഞു.
Story Highlights: KSRTC Official Helped Student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here