Advertisement

എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം; എന്‍സിപി ഇന്ന് യോഗം ചേരും

July 26, 2021
Google News 2 minutes Read
ak saseendran ncp

മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ എന്‍സിപി ഇന്ന് യോഗം ചേരും. വിഷയത്തിലെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നേതൃയോഗം ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എ കെ ശശീന്ദ്രനെ ( minister ak saseendran ) കുടുക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടി വിഷയമാണെന്ന് തെറ്റിദ്ധരിച്ചാണ് കുണ്ടറയിലെ പീഡന ആരോപണമുയര്‍ത്തിയ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിച്ചതെന്നായിരുന്നു എ കെ ശശീന്ദ്രന്റെ വാദം. ‘നല്ല രീതിയില്‍ തീര്‍ക്കാമെന്ന്’ മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇതോടെയാണ് പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിതല ഇടപെടല്‍ ഉണ്ടായതെന്ന് വിവാദമുയര്‍ന്നത്. എന്നാല്‍ പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നുമായിരുന്നു പ്രതികരണം.

പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോണ്‍ കോള്‍ എത്തിയത്. മന്ത്രി എ കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്നുണ്ട്. നല്ല രീതിയില്‍ എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നുണ്ട്.

ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസ് എന്നൊരു വാക്ക് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ഇത് വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. കേരളത്തിലെ ഒരു മുന്‍മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകള്‍ നിലപാട് എടുത്തിരുന്നു. എന്നുകരുതി അദ്ദേഹം രാജിവച്ചിട്ടില്ല. പീഡന പരാതി വ്യാജമെന്ന് വ്യാഖ്യാനിക്കാം. പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ചാക്കോ പറഞ്ഞു.
വസ്തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരും രാജിവയ്ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂവെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.

പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാര്‍ച്ച് ആറിനാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരി പറഞ്ഞത്.

Read Also: രാജി ആവശ്യപ്പെടില്ല, കേസ് ഒത്തുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞിട്ടില്ല; പി സി ചാക്കോ

വിഷയത്തില്‍ കേസെടുക്കാന്‍ വൈകിയതിനെതിരെയും വ്യാപക പരാതികളാണ് ഉയര്‍ന്നത്. പീഡന പരാതി നല്‍കി 22 ദിവസമായിട്ടും കേസെടുക്കാനോ പരാതിക്കാരിയെ വിളിച്ച് മൊഴി രേഖപ്പെടുത്താനോ കുണ്ടറ പൊലീസ് ശ്രമിച്ചിരുന്നില്ല. മന്ത്രിതല ഇടപെടല്‍ വിവാദം തലപൊക്കിയപ്പോഴാണ് എന്‍സിപി പ്രാദേശിക നേതാവ് ജി പത്മാകരനും എസ് രാജീവിനുമെതിരെ കേസെടുത്തത്.

ജി പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Story Highlights: minister ak saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here