‘ദി ഹണ്ട്രഡി’ൽ നൂറുമേനി കൊയ്ത് ഇന്ത്യൻ താരങ്ങൾ

ക്രിക്കറ്റ് ഫോർമാറ്റിൽ വിപ്ലവം സൃഷ്ടിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ടൂർണമെൻ്റ് നടക്കുകയാണ്. പുരുഷ-വനിതാ ടൂർണമെൻ്റുകൾ സമാന്തരമായാണ് നടക്കുന്നത്. പുരുഷ ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്വാഭാവികമായും ഇന്ത്യൻ താരങ്ങൾ ഇല്ലെങ്കിലും വനിതാ ടീമുകളിൽ ഇന്ത്യൽ പ്രാതിനിധ്യമുണ്ട്. പല ടീമുകളിലായി അഞ്ച് ഇന്ത്യൻ താരങ്ങളാണ് ടൂർണമെൻ്റിൽ കളിക്കുന്നത്. പുതിയ ഫോർമാറ്റിനോട് ഇഴുകിച്ചേരാൻ പല താരങ്ങളും ബുദ്ധിമുട്ടുമ്പോൾ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാകുകയാണ്. (indian players the hundred)
ഷഫാലി വർമ്മ, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ദീപ്തി ശർമ്മ, ജമീമ റോഡ്രിഗസ് എന്നിവരാണ് ദി ഹണ്ട്രഡിലെ ഇന്ത്യൻ താരങ്ങൾ. ഇതിൽ ഷഫാലി ഒഴികെ മറ്റെല്ലാ താരങ്ങളും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ മോശം പ്രകടനം നടത്തുകയും ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിക്കാതിരിക്കുകയും ചെയ്ത യുവതാരം ജമീമ റോഡ്രിഗസ് ആണ് ഹണ്ട്രഡിലെ താരം. കളിച്ച രണ്ട് മത്സരങ്ങളിലും ഫിഫ്റ്റിയടിച്ച താരം 152 റൺസുമായി റൺ വേട്ടയിൽ ഒന്നാമതാണ്. നോർത്തേൺ സൂപ്പർ ചാർജേഴ്സിനായി കളിക്കുന്ന ജമീമ ആദ്യ മത്സരത്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ രണ്ടാം മത്സരത്തിൽ നേടിയത് 60 റൺസ്. 180.95 ആണ് സ്ട്രൈക്ക് റേറ്റ്. ആദ്യ മത്സരത്തിൽ 200നു മുകളിലായിരുന്നു ജമീമയുടെ സ്ട്രൈക്ക് റേറ്റ്.
Read Also: ‘ദി ഹണ്ട്രഡി’ൽ തകർപ്പൻ പ്രകടനം തുടർന്ന് ജമീമ റോഡ്രിഗസ്
ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ പതറിയെങ്കിലും പിന്നീട് ഫോമിലേക്കെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മികച്ച കളിയാണ് കെട്ടഴിക്കുന്നത്. മാഞ്ചസ്റ്റർ ഒറിജിനൽസിനായി പാഡണിയുന്ന ഹർമൻ ടൂർണമെൻ്റിലെ റൺ വേട്ടയിൽ മൂന്നാം സ്ഥാനത്താണ്. ആകെ 78 റൺസാണ് ഹർമൻ്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ 29 റൺസ് നേടി പുറത്തായ താരം അടുത്ത കളിയിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്നു.
സ്മൃതി മന്ദനയാണ് മറ്റൊരു താരം. സതേൺ ബ്രേവിൻ്റെ താരമായ മന്ദന ആദ്യ മത്സരത്തിൽ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം മത്സരത്തിൽ പുറത്താവാതെ 61 റൺസ് നേടി ടീമിനെ ജയിപ്പിച്ചു. സിക്സർ അടിച്ചായിരുന്നു ജയം. റൺ വേട്ടയിൽ സ്മൃതി ഇപ്പോൾ പത്താം സ്ഥാനത്താണ്.
ദീപ്തി ശർമ്മ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ലണ്ടൻ സ്പിരിറ്റിൻ്റെ താരമായ ദീപ്തി രണ്ട് മത്സരങ്ങൾ കളിച്ചു. 2 വിക്കറ്റും 31 റൺസുമാണ് സമ്പാദ്യം. ആദ്യ മത്സരത്തിൽ 28 റൺസ് നേടിയ ദീപ്തി രണ്ടാം മത്സരത്തിൽ 3 റൺസെടുത്ത് പുറത്താവുകയായിരുന്നു.
ഷഫാലി വർമ്മ മാത്രമാണ് ഇതുവരെ ഫോം കണ്ടെത്താത്തത്. ബിർമിംഗ്‌ഹാം ഫീനിക്സിനായി കളിക്കുന്ന കൗമാര താരം (13), (6) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ രണ്ട് മത്സരങ്ങളിൽ സ്കോർ ചെയ്തത്. മത്സരങ്ങൾ ഇനിയുമേറെയുള്ളതുകൊണ്ട് തന്നെ ഷഫാലി മറ്റുള്ളവർക്കൊപ്പം ഓടിയെത്തുമെന്ന് കരുതാം.
Story Highlights: indian players the hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here