ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ: കൊവിഡ് ചട്ടം ലംഘിച്ച് എംജി സര്‍വകലാശാല; 24 എക്‌സ്‌ക്ലൂസിവ്

കൊവിഡ് മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച വരുത്തി ആശുപത്രി കെട്ടിടത്തില്‍ പരീക്ഷ നടത്തി എംജി സര്‍വകലാശാല. പരുമലയിലെ ആശുപത്രി കെട്ടിടത്തിലാണ് പരീക്ഷ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ ബികോം പരീക്ഷകളാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ( protocol violation ) പാലിക്കാതെ നടത്തുന്നത്.

രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോളജുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചെങ്കിലും പിന്നീട് ആശുപത്രിക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷ പാലിക്കാതെയാണ് പരീക്ഷാ നടത്തിപ്പെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എംജി സര്‍വകലാശാലയുടെ ബികോം അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പിലാണ് ഗുരുതര വീഴ്ചയുണ്ടായത്.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരുമലയിലെ ഡിബി കോളജ് പമ്പയിലും പരുമലയിലെ തന്നെ മറ്റൊരു കോളജിലും സെന്റര്‍ അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച സെന്ററുകളില്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെത്തിയെങ്കിലും മറ്റൊരു സ്ഥലത്താണ് പരീക്ഷാ കേന്ദ്രമെന്ന് പറഞ്ഞു. പരീക്ഷയ്ക്കായി എത്തിയപ്പോഴാണ് ആശുപത്രിക്കെട്ടിടമാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്.
പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുള്ളത്. കൊവിഡ് പരിശോധനയ്ക്കും മറ്റ് ചികിത്സയ്ക്കുമായി എത്തുന്ന രോഗികള്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്‍കിയത്.

സര്‍വകലാശാല നേരിട്ടല്ല പരീക്ഷാ കേന്ദ്രം ഒരുക്കുന്നതെങ്കിലും വീഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ കണ്‍ട്രോളറെ വിദ്യാര്‍ത്ഥികള്‍ നേരിട്ട് വിളിച്ച് വിവരം അറിയിച്ചപ്പോള്‍ പരാതി എഴുതി അറിയിക്കൂ, അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിശോധിക്കാമെന്നായിരുന്നു മറുപടി.
Story Highlights: protocol violation, MG university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here