Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ 29/ 07/ 2021

July 29, 2021
Google News 1 minute Read
july

കൊവിഡ് രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രം; ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും

കേരളത്തിലെ ഗുരുതര രോഗവ്യാപനത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. NCDC ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേരളം കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന സർക്കാരിന് കത്തെഴുതി. അതേസമയം, രാജ്യത്ത് കൊവിഡ് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കടന്നു.

ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.

ടോക്യോ ഒളിമ്പിക്സ്: ആധികാരിക ജയത്തോടെ പിവി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം.

കുറ്റ്യാടി പ്രതിഷേധം; സിപിഐഎമ്മില്‍ കൂട്ട നടപടി; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ അഞ്ച് പ്രാദേശിക നേതാക്കളെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയാണ് എടുത്തത്. കെ ടി കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴ: മിന്നൽ പ്രളയത്തിൽ 16 പേർ മരിച്ചു 21 പേരെ കാണാതായി

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്.കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ്; എറണാകുളത്ത് സിപിഐഎം പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍

നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതായി അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും വിലയിരുത്തല്‍

മുട്ടിൽ മരം മുറിക്കൽ ; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മുട്ടിൽ മരം മുറിക്കൽ കേസിലെ മുഖ്യപ്രതികളെ റിമാൻഡ് ചെയ്തു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം
മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍,ഡ്രൈവർ വിനീഷ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു.

വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ, സഭ ബഹിഷ്ക്കരിച്ചു; മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംഎൽഎ പി.ടി.തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലിയാണ് നിയമസഭയിൽ ഇരുപക്ഷങ്ങളും വാക്ക് തർക്കത്തിലേർപ്പെട്ടത്.

ശിവന്‍കുട്ടിയുടെ രാജി; തലസ്ഥാനത്ത് സംഘര്‍ഷം, സംസ്ഥാന വ്യാപക പ്രതിഷേധം

നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ബഹളവും ബഹിഷ്കരണവും. പ്രതിഷേധത്തിൽ മാത്രം ഒതുക്കേണ്ടെന്നും സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം.എല്ലാ ജില്ലകളിലും കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

Story Highlights: Today’s News Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here