Advertisement

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ബഹിഷ്‌കരിച്ചു

July 30, 2021
Google News 0 minutes Read

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ സഹകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിക്ക് എതിരെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം വി ശിവന്‍കുട്ടി രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളി കേസ് കീഴ് വഴക്കത്തില്‍ എടുത്ത കേസാണ്. കേസില്‍ പ്രതിയായത് കൊണ്ട് മന്ത്രിയാകാന്‍ പാടില്ലെന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സുപ്രിം കോടതി വിധിയില്‍ കുറ്റക്കാരെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭയ്ക്ക് അകത്ത് പ്രതിഷേധം അവസാനിപ്പിച്ചേക്കുമെന്ന സൂചന വി ഡി സതീശന്‍ നല്‍കി. നിയമസഭയ്ക്ക് അകത്തെ സമരത്തിന് പരിമിതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭ ബഹിഷ്‌കരിച്ചത് വി ശിവന്‍കുട്ടി രാജിവയ്ക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ്. കേരള സഭയില്‍ തന്നെ പൊലീസ് ഇടപെടല്‍ ഉണ്ടായ സംഭവം ഉണ്ടായിട്ടുണ്ട്. ക്രിമിനല്‍ കുറ്റത്തെ സംരക്ഷിക്കാനുള്ള ശ്രമം പരിതാപകരമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ്.

കഴിഞ്ഞ ദിവസവും കയ്യാങ്കളി കേസിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടായിരുന്നു. സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ സഭകളില്‍ നടന്ന സംഭവങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി.

ഇന്നലെ നോട്ടിസ് അവതരിപ്പിക്കുന്നതിനിടെ പി ടി തോമസ് പ്രതിപക്ഷം അഴിഞ്ഞാടിയ വെള്ളിയാഴ്ച നിയമസഭയുടെ ദുഃഖവെള്ളിയായി അറിയപ്പെടുമെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിദ്യാഭ്യാസ മന്ത്രിയെന്നായിരുന്നു വി ശിവന്‍ കുട്ടിയെ കുറിച്ചുള്ള പരിഹാസം. കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്നും പി ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നും. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത്. വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവെന്നും പരാമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here