ഡാനിഷ് സിദ്ദിഖിയെ താലിബാൻ പിടികൂടിയത് ജീവനോടെ, ക്രൂരമായി കൊലപ്പെടുത്തി; റിപ്പോർട്ട്

പുലിസ്റ്റർ അവാർഡ് ജേതാവായ ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ എക്‌സാമിനറാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള വെടിവയ്പിലല്ല ഡാനിഷ് കൊല്ലപ്പെട്ടതെന്നും ഡാനിഷിനെ താലിബാൻ തീവ്രവാദികൾ ജീവനോടെ പിടികൂടി വധിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
അഫ്ഗാൻ സൈന്യവും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ആക്രമണ ദൃശ്യങ്ങൾ പകർത്തുന്നതിനായി സ്പിൻ ബോൽഡാക്ക് മേഖലയിലേക്ക് പോയതായിരുന്നു ഡാനിഷെന്ന് പ്രാദേശിക അഫ്ഗാൻ അതോറിറ്റിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ലേഖനത്തിൽ പറയുന്നു. കസ്റ്റംസ് പോസ്റ്റിന് സമീപത്തുവച്ച് അപ്രതീക്ഷിതമായി താലിബാൻ ആക്രമണം ഉണ്ടാകുകയും ഡാനിഷ് ഉൾപ്പെട്ടിരുന്ന സൈന്യം രണ്ട് ടീമായി ചിതറി ഓടുകയും ചെയ്തു. കമാൻഡർ ഉൾപ്പെടെയുള്ളവർ ഡാനിഷിൽ നിന്ന് വേർപെട്ടു. ഇതിനിടെ ഡാനിഷ് സിദ്ദിഖിക്ക് ബോംബ് ചീളുകൾ കൊണ്ട് പരുക്കേറ്റു. തുടർന്ന് ഡാനിഷും സംഘവും സമീപത്തുണ്ടായിരുന്ന മുസ്ലിം പള്ളിയിൽ അഭയം തേടി.
Read Also:പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഡാനിഷിന് സൈന്യം പ്രാഥമിക ശുശ്രൂഷ നൽകി. ഇതിനിടെ താലിബാന്റെ ഭാഗത്തുനിന്ന് വീണ്ടും
ആക്രമണം ഉണ്ടാകുകയും ഡാനിഷിനെ ജീവനോടെ പിടികൂടുകയും ചെയ്തു. ഡാനിഷിന്റെ രേഖകൾ പരിശോധിച്ച് മാധ്യമപ്രവർത്തകനാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡാനിഷിനെ രക്ഷിക്കുന്നതിനിടെ കമാൻഡറും മറ്റ് സൈനിക അംഗങ്ങളും കൊല്ലപ്പെട്ടു. ഡാനിഷിന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു താലിബാന്റെ വിശദീകരണം. എന്നാൽ സിദ്ദിഖിയുടെ മരണത്തിൽ താലിബാന്റെ ഖേദപ്രകടനം വെറും നാടകമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റോയിട്ടേഴ്‌സിലെ സീനിയർ ഫോട്ടോ ജേണലിസ്റ്റായിരുന്നു ഡാനിഷ് സിദ്ദിഖി. 2018 ൽ റോഹിങ്ക്യൻ ദുരിതം ലോകത്തെ അറിയിച്ച ചിത്രങ്ങൾക്കാണ് ഡാനിഷിന് പുലിസ്റ്റർ പുരസ്‌കാരം ലഭിച്ചത്.
Story Highlights:Taliban killed danish siddiqui
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here